കടയ്ക്കാവൂര്‍ പോസ്‌കോ കേസില്‍ അമ്മ നിരപരാധി; അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍; അമ്മക്കെതിരെ മകന്‍ നല്‍കിയ പരാതി വ്യാജം; മകന്റെ പരാതിക്ക് പിന്നില്‍ ഭര്‍ത്താവിന്റെ ഭീഷണി തന്നെ; ഒരു അമ്മയുടെ നിയമ പോരാട്ടത്തിന്റെ വിജയം
തിരുവനന്തപുരം കടയ്ക്കാവൂരില്‍ പോസ്‌കോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മകന്റെ പരാതിയിലാണ് അമ്മക്കെതിരെ കേസ് എടുത്തത്. മകന്‍ അമ്മക്കെതിരെ വ്യാജ പരാതിയാണ് നല്‍കിയതെന്ന് നേരത്തെ തന്നെ നിഗമനമുണ്ടായിരുന്നു. ഇത് കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനും ബോധ്യപ്പെട്ടു. വിശദമായി ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാണ് ഈ നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസിന് പിന്നില്‍ അച്ഛന്റെ പങ്കും വ്യക്തമാക്കിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നാലു മക്കളുടെ അമ്മയായ സ്ത്രീയെ പൊലീസ് ഇളയ മകന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതോടെ ഏറെ വാര്‍ത്താ പ്രധാന്യവ്യും നേടിയിരുന്നു. പിന്നാലെ അന്വേഷണത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിക്കുന്നത് വരെ ആ അമ്മക്ക് ദിവസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നും. അത്രക്ക് ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അമ്മക്കെതിരെ പൊലീസ് കേസെടുത്തത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ആണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.
താന്‍ നിരപരാധിയാണെന്ന് നേരത്തെ തന്നെ പ്രതിസ്ഥാനത്തുള്ള അമ്മ പറഞ്ഞിരുന്നു. സത്യം പുറത്തു വരണമെന്നും കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും അവര്‍ പറഞ്ഞു. മൊഴി എടുക്കാന്‍ എന്ന് പറഞ്ഞാണ് പൊലീസ് തന്നെ കൊണ്ടുപോയത്. എന്നാല്‍ അറസ്റ്റ് ചെയ്തതായിരുന്നു. 2019 ല്‍ താന്‍ ഭര്‍ത്താവിനെതിരെ പരാതി കൊടുത്തിരുന്നുവെന്നും അതില്‍ നടപടിയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് മകനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കേസ് എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് അമ്മ അന്ന് പറഞ്ഞിരുന്നു. സത്യം പുറത്തു വരുമെന്ന് അവര്‍ പങ്കു വച്ച പ്രതീക്ഷയാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.
അസാധാരണമായ ഒരു കേസാണിതെന്നും, മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിക്കണമെന്നും കേസില്‍ ഹൈക്കോടതി അന്ന് നിരീക്ഷിച്ചു. കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന വളരെ ശ്രദ്ധേയമായ ചില നിര്‍ദേശങ്ങളും ഇതോടൊപ്പം വനിതാ ജഡ്ജി നടത്തിയിരുന്നു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവില്‍ എന്തെന്ന് പരിശോധിക്കണം. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. മെഡിക്കല്‍ കോളേജിലെ വിദഗ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തണം. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളില്‍ അറിയിക്കണം - ഇതൊക്കെയായിരുന്നു കോടതി നിരീക്ഷണം. മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂര്‍ണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha