സ്വര്‍ണക്കടത്ത് 53 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി കസ്റ്റംസ്; കുറ്റപത്രം പിന്നാലെ വരും; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോണ്‍സുലേറ്റിനെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചതിന് പിന്നില്‍ സ്വപ്‌ന എന്ന ഇടനിലക്കാരി
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ നിര്‍ണായ നീക്കം. അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നുവെന്നതിന് വ്യക്തമായ സൂചനയാണ് കസ്റ്റംസ് ഇതിലൂടെ നല്‍കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ അയച്ചിരിക്കുകയാണ് കസ്റ്റംസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി.
മൂന്ന് തരം കളളക്കടത്താണ് നടന്നതെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വപ്നയും സന്ദീപും സരിത്തും നടത്തിയ സ്വര്‍ണക്കടത്ത്, കോണ്‍സല്‍ ജനറല്‍ നടത്തിയ കളളക്കടത്ത്, അനധികൃത ഡോളര്‍ വിദേശത്തേക്ക് കൊണ്ടുപോയത് എന്നിവയാണ് അവ. ഉന്നതതലത്തിലുളള പലരുടേയും പണമാണ് ഇതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരേയും ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. കോണ്‍സല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി, കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് പാസ് നല്‍കി എന്നിവയാണ് സര്‍ക്കാരിനെതിരായി പറയുന്നത്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്നയാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് നല്‍കുന്നത്. മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റഷീദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലി, പി.എസ്.സരിത്, സന്ദീപ് നായര്‍, ഫൈസല്‍ ഫരീദ് എന്നിവരും 2 സ്ഥാപനങ്ങളും അടക്കം 53 പേര്‍ക്കാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന്റെ കാരണം കാണിക്കല്‍ നോട്ടിസ് ലഭിക്കുക. ഇതില്‍ രാഷ്ട്രീയക്കാര്‍ ആരും തന്നെ ഇല്ലെന്നാണ് ആദ്യ വിവരം.
2020 ജൂലൈ അഞ്ചിനു തിരുവനന്തപുരം വിമാനത്താവള കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് 30.245 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസിലാണ് നോട്ടിസ്. കേസില്‍ ഓരോരുത്തരുടെയും ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള വിശദാംശങ്ങള്‍ അടങ്ങിയ നോട്ടിസ് ആണു നല്‍കുന്നത്. കേസിലുള്‍പ്പെട്ട എല്ലാവര്‍ക്കും നോട്ടിസ് നല്‍കും. ആദ്യഘട്ട നടപടിയാണിത്. നോട്ടിസ് ലഭിച്ചവര്‍ക്കു പറയാനുള്ളതു കേട്ട ശേഷം സ്വര്‍ണം കണ്ടുകെട്ടല്‍, പിഴ വിധിക്കല്‍, പ്രോസിക്യൂട്ട് ചെയ്യല്‍ തുടങ്ങിയ നടപടികളിലേക്കു കസ്റ്റംസ് കടക്കും.
കേസില്‍ ഗുരുതരമായ കുറ്റം ചെയ്തവര്‍ക്കെതിരെ മാത്രമാണു പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കുക. കാരണം കാണിക്കല്‍ നോട്ടിസ് പട്ടികയിലുള്‍പ്പെട്ടവര്‍ മാത്രമാണു പൊതുവേ തുടര്‍നടപടിക്കു വിധേയര്‍ ആകുക. ഇവരുടെ വിശദീകരണം കേള്‍ക്കുന്നതിന് ഇടയില്‍ സുപ്രധാന തെളിവുകള്‍ എന്തെങ്കിലും ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേരെ കേസില്‍ ഉള്‍പ്പെടുത്തൂ.
https://www.facebook.com/Malayalivartha