ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ; ഏറെ വിവാദമായ രണ്ടു ഉത്തരവുകള്‍ക്കാണ് സ്‌റ്റേ; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്റ്റേ തുടരും; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഏറെ വിവാദമായ രണ്ടു ഉത്തരുകള്‍ക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കുനുള്ള ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിറേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മല്‍ അഹമ്മദിന്റെ പൊതു താല്‍പര്യ ഹര്‍ജിയില്‍ ആണ് ഇടക്കാല ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം. ഇപ്പോള്‍ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സാവകാശം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
ദ്വീപിലെ ഫാമുകള്‍ അടച്ചു പൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കാന്‍ നിര്‍ദേശിച്ചുമാണ് മെയ് മാസത്തില്‍ ഉത്തരവിറക്കിയത്. അഡ്മിനിസ്‌ടേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ ദ്വീപു നിവാസികളുടെ സംസ്‌ക്കാരത്തേയം ഭക്ഷണ രീതിയേയും തകര്‍ക്കുന്നതാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും തെരഞ്ഞെടുക്കപ്പെട്ട സമിതികളുമായി ചര്‍ച്ച ചെയ്യാതെയുമാണ് ഫാമുകള്‍ അടച്ചു പൂട്ടിയതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.
അതേസമയം വിവാദമായതിനെ തുടര്‍ന്ന് ചില ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പിന്‍വലിച്ചത്. മത്സ്യബന്ധന ബോട്ടുകള്‍ കടലിലിറക്കുമ്പോള്‍ അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന ഉത്തരവ് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ലക്ഷദ്വീപ് നിവാസികളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഉത്തരവിനെതിരെ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉത്തരവ് പിന്‍വലിച്ചത്. എല്ലാ ബോട്ടുകളിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് കൈമാറണം എന്നുമായിരുന്നു വിവാദ ഉത്തരവ്.
എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ ബോട്ടില്‍ വിന്യസിക്കുന്നതിനോട് ബോട്ടിലെ തൊഴിലാളികള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയും പ്രതിഷേധമറിയിച്ചിരുന്നു. ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിങ് മന്ത്രാലയം ഡയരക്ടര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന കത്തയക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായിയുള്ള പ്രതിഷേധം ലക്ഷദ്വീപിലും കേരളത്തിലും തുടരുകയാണ്.
https://www.facebook.com/Malayalivartha