ജമ്മു കാശ്മീര്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം; അഞ്ച് മിനിട്ട് വ്യത്യാസത്തില്‍ രണ്ട് തവണ സ്‌ഫോടനം; ആര്‍ക്കും പരിക്കില്ലെന്ന് വ്യോമസേന; ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി സൂചന; പിന്നില്‍ പാകിസ്ഥാനിലെ തീവ്രവാദി സംഘടന? എന്‍.ഐ.എ, എന്‍.എസ്.ജി സംഘങ്ങള്‍ ഉടന്‍ എത്തും
ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനം. അഞ്ച് മിനിട്ട് വ്യത്യാസത്തില്‍ രണ്ട് തവണ സ്‌ഫോടനമുണ്ടായതായിയാണ് വിവരം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിട്ടില്ലെന്ന് വ്യോമസേന പി.ആര്‍.ഒ അറിയിച്ചു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനമുണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ഡ്രോണ്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സുരക്ഷാ വീഴ്ച സംഭവിച്ച് വിശദമായ പരിശോധന വേണ്ടിവരുമെന്നാണ് വ്യോമസേന വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യന്‍ വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. ' ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷന്റെ സാങ്കേതിക മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ട് തീവ്രത സ്ഫോടനങ്ങള്‍ ഉണ്ടായത്. ഒന്നാമത്തെ ബോംബ് സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് ചെറിയ കേടുപാടുകള്‍ സംഭവച്ചു, മറ്റൊരു സ്‌ഫോടനം നടന്നത് തുറസായ സ്ഥലത്തായിരുന്നു. വിമാനത്താവളത്തിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു'.
സ്‌ഫോടനം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി. എയര്‍പോര്‍ട്ടിന് പുറത്തും അകത്തും വ്യാപകമായ തിരച്ചിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും നടത്തുന്നത്. ഇതുവരെയും തീവ്രവാദി ഗ്രൂപ്പുകള്‍ ഒന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സ്ഥലത്ത് എന്‍.ഐ.എയുടെയും എന്‍.എസ്.ജിയുടെയും സംഘം ഉടന്‍ പരിശോധന നടത്തും.
സ്ഫോടനത്തിനായി എയര്‍പോര്‍ട്ടിന്റെ ഉയര്‍ന്ന സുരക്ഷാ മേഖലയ്ക്കുള്ളില്‍ ബോംബ് നിക്ഷേപിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി.
മുമ്പ പല തവണ ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പ്രദേശത്തിനകത്ത് 12 കിലോമീറ്റര്‍ വരെ ആയുധങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഇത് ഇന്ത്യന്‍ സൈന്യം തിരിച്ചിലില്‍ കണ്ടെത്തുകയും ചെയ്തിയിരുന്നു. അതേസമയം രണ്ട് തീവ്രവാദികളെ ജമ്മു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റായിവര്‍ക്ക് സ്ഫോടന കേസുമായി ബന്ധമുണ്ടോയെന്ന് ഇതുവരെയും ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചില്ല.
ജമ്മുകാശ്മീര്‍ സര്‍വകക്ഷിയോഗത്തിന് ശേഷം സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകും എന്ന അവസ്ഥ വന്നതിന് ശേഷമാണ് ആക്രമം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്‍ തീവ്രവാദികളുടെയും പാക് ചാര സംഘടനയുടെ സ്വാധീനം സംശയിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
https://www.facebook.com/Malayalivartha