നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങി പോയി: പശ്ചിമബംഗാളില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധത്തെ തുടര്‍ന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താതെ മടങ്ങുന്നത് അപൂര്‍വ സംഭവം; ബി.ജെ.പി അംഗങ്ങള്‍ സഭയുടെ നടുതളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു
പശ്ചിമ ബംഗാല്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നയപ്രഖ്യാപനത്തിനായി നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയായാക്കതെ മടങ്ങി. നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ബി.ജെ.പി അംഗങ്ങളും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഗവര്‍ണരുടെ മടങ്ങിയത്.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തു നടന്ന അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ ബി.ജെ.പി നിയമസഭയില്‍ പ്രതിഷേധിച്ചു. ഇതിനെതിരെ തൃണൂല്‍ അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയതാണ് ബഹളം രൂക്ഷമായി. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിക്കിടെ തടസപ്പെട്ടു.
ആദ്യം പ്രസംഗം നിര്‍ത്തിയ ഗവര്‍ണര്‍, സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസംഗം ആരംഭിച്ചു. പിന്നീടും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
തൃണമൂലിന്റെ അക്രമത്തിനെതിരെ നടപടി വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം നടുത്തളത്തിലേക്ക് ഇറങ്ങി. ഇതാണ് ഭരണപക്ഷത്തെ ചൊടുപ്പിച്ചത്. മമത ബാനര്‍ജി കലാപകാരികളെ സംരക്ഷിക്കുന്നുവെന്നും നടപടി എടുക്കാത്തത് മന:പൂര്‍വ്വമാണെന്നും ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി കേന്ദ്രമന്ത്രിമാരേയും എം.പി മാരേയും അപായപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ മമതയുടെ അറിവോടെയാണെന്നും ബി.ജെ.പി അംഗങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
പശ്ചിമബംഗാളിലെ പൊതു ഭരണത്തിനെതിരേയും നിയമസംവിധാനത്തിനെതിരേയും പരസ്യമായി രംഗത്തുവന്നയാളാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. മമതയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് തെരഞ്ഞെടുപ്പുകാലത്തെ കലാപം നടന്ന പ്രദേശങ്ങളില്‍ ധന്‍കര്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ രാജ്യം അതീവതാല്‍പര്യത്തോടെയാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നയപ്രഖ്യാപന പ്രസംഗത്തെ വീക്ഷിച്ചത്. മമത ബാനര്‍ജി സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഗവര്‍ണര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് എന്തു പറയുന്നുവെന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശിച്ച് വീണ്ടും രംഗത്ത് വന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി എച്ച്.കെ.ദ്വിവേദിയെ ഗവര്‍ണര്‍ വിളിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് വിശദീകരണം നല്‍കാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ പ്രതികാര അക്രമസംഭവങ്ങളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ തന്റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ തിരിച്ചറിയുകയോ വേണ്ട നടപടികള്‍ കൈക്കൊളളുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പോലീസിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha