അസമിൽ പന്നികളെ കൂട്ടത്തോടെ കൊല്ലുന്നു, ഇന്നലെ മാത്രം പന്നിപ്പനി ബാധിച്ച എഴുപത് പന്നികളെ കൊന്നതായി അധികൃതർ
അസമിലെ ബിശ്വനാഥ് ജില്ലയിൽ പന്നിപ്പനി ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. പന്നിപ്പനി ബാധയെ തുടർന്ന് ജില്ലാ ഭരണകൂടം മുൻകൈയ്യെടുത്താണ് പന്നികളെ കൊല്ലുന്നത്. പ്രതാപ്ഗഡ് എസ്റ്റേറ്റ് മേഖലയിൽ ആയിരുന്നു പന്നിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ.
മൃഗഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പന്നികളെ കൊന്നൊടുക്കിയത്. ഇന്നലെ മാത്രം രോഗം ബാധിച്ച എഴുപത് പന്നികളെ കൊന്നതായി അധികൃതർ അറിയിച്ചു. ഇവയെ പിന്നീട് സംസ്‌കരിച്ചു.
എന്നാൽ വരും ദിവസങ്ങളിലും സമാനമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ 59 ഗ്രാമങ്ങളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ ഇവിടെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ബാക്കിയുള്ളവയെക്കൂടി കൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha