സ: കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു... ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം
കേരള ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അതികായനായ മുതിര്‍ന്ന സി.പി.എം. നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു കോടിയേരിയെ അപ്പോളോയിൽ പ്രവേശിപ്പിച്ചത്.
ഏറെ കാലമായി അർബുദത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു. പാർട്ടിയിലെ സൗമ്യനായ, ഒരു ചെറു പുഞ്ചിരിയോട് കൂടി പ്രശ്നങ്ങളെ നേരിടുന്ന ഒരു മികച്ച സഖാവിനെ തന്നെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ടമായിരിക്കുന്നത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുമ്പോൾ വേഗം സുഖപ്പെടട്ടെ എന്ന ആഗ്രഹമായിരുന്നു കേരളം പങ്കുവച്ചത്.
1953 നവംബർ 16നാണ് അദ്ദേഹം ജനിച്ചത്. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.
2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐ (എം) 21ന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഐ (എം) 22മത്തെ സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തിരുന്നു. 2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സി.പി.ഐ.എം. സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വിദേശ യാത്ര അവസാന നിമിഷം മുഖ്യമന്ത്രി പിണറായി വിജയൻ റദ്ദാക്കിയിരുന്നു. കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.
മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചു മാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എം എ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ട് അവധി പോരെ എന്ന് ചോദിച്ചു. എന്നാല്‍ സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാടിൽ കോടിയേരി ഉറച്ചുനിന്നു. ഇതോടെയാണ് മാറ്റത്തിനുള്ള പാർട്ടി തീരുമാനം കൈക്കൊണ്ടത്.
https://www.facebook.com/Malayalivartha