ശിവശങ്കറിന് ഇനി രക്ഷയില്ല, വരിഞ്ഞ് മുറുക്കി ഇ. ഡി: ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിനെ ഇ. ഡിയ്ക്ക് മുമ്പിൽ ഹാജരായി: ശിവശങ്കറിനൊപ്പം ഒരുമിച്ചിരുത്തി മൊഴി എടുക്കും...
ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിനെ വിളിച്ചുവരുത്തി ഇ. ഡി. ശിവശങ്കറിനൊപ്പം ഒരുമിച്ചിരുത്തി മൊഴി എടുക്കും. അൽപ സമയത്തിന് മുമ്പാണ് യുവി ജോസ് ഇ. ഡിയ്ക്ക് മുമ്പിൽ ഹാജരായത്. നേരത്തെ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് യു എ യിലെ റെപ്രസെന്റുമായി കരാർ ഒപ്പുവച്ചത് സിഇഒ എന്ന നിലയിൽ യുവി ജോസ് ആയിരുന്നു. കരാറുകാരായ യൂണിടാക്കിനെ യുവി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറെന്നാണ് ആരോപണം.
യൂണിടാക്കിന് വേണ്ടി വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി സന്തോഷ് ഈപ്പനാണ് എടുത്ത് നടത്തിയത്. ഇയാളെയും ശിവശങ്കറാണ് അന്ന് ലൈഫ് സിഇഒ ആയിരുന്ന യുവി ജോസിന് പരിചയപ്പെടുത്തിയത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അഴിമതി നടത്താനുള്ള നീക്കമായിരുന്നു ശിവശങ്കർ നടത്തിയതെന്നുമാണ് ഇഡി നിഗമനം. യു വി ജോസിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി മൊഴിയെടുത്ത് ഏതൊക്കെ രീതിയിൽ ശിവശങ്കർ ഇടപെട്ടുവെന്നതിൽ അടക്കം വ്യക്തത തേടാനാണ് ഇഡി ശ്രമം. നേരത്തെ ലൈഫ് മിഷൻ സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ഇഡിയും കേസ് അന്വേഷിക്കുന്ന സിബിഐയും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിരുന്നു.
അതേ സമയം സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതൽ വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു. യുഎഇയിലെ റെഡ് ക്രെസന്റിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയായിരുന്നു ചാറ്റ്. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്.
സർക്കാരിന് റെഡ് ക്രെസെന്റ് നൽകേണ്ട കത്തിന്റെ മാതൃക എം ശിവശങ്കർ നൽകി. കോൺസുലേറ്റിന്റെ കത്ത് കൂടി ചേർത്ത് മുഖ്യമന്ത്രിക്ക് നൽകാൻ ശിവശങ്കർ നിർദേശിച്ചു. ഇരു കത്തുകളും തയ്യാറാക്കി തനിക്ക് കൈമാറാനും എം ശിവശങ്കർ ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. ആവശ്യമെങ്കിൽ സി രവീന്ദ്രനെ വിളിക്കാൻ സ്വപ്നയോട് പറയുന്നതും സംഭാഷണത്തിലുണ്ട്. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്.
ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും മൊഴിനൽകിയിട്ടുണ്ട്.കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഇന്നലെയാണ് വേണുഗോപാലിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തത്. ഇത് പത്തുമണിക്കൂർ നീണ്ടു.
https://www.facebook.com/Malayalivartha