കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടി സുബി സുരേഷ് അന്തരിച്ചു: പതിനഞ്ച് ദിവസത്തോളമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി വിട പറഞ്ഞത് രാവിലെ പത്ത് മണിയോടെ:- കണ്ണീരോടെ സിനിമാ ലോകം....
നടി സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി. പതിനഞ്ച് ദിവസത്തോളമായി ചികിത്സയിലായിരുന്നു താരം. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല്പത്തൊന്ന് വയസായിരുന്നു സുബിക്ക്. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏതൊരു കാര്യത്തെയും വളരെ അധികം തമാശയോടെ കാണുന്ന ആളാണ് സുബി സുരേഷ്. എത്ര ഗൗരവമുള്ളള കാര്യം അവതരിപ്പിയ്ക്കുമ്പോഴും അതില്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള തമാശകളും ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
മുമ്പ് ആശുപത്രിയില്‍ കിടന്ന കാര്യവും ഇതിനു മുമ്പ് തമാശരൂപേണ സുബി ആരാധകരോട് പങ്ക് വച്ചിരുന്നു. 'ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി' എന്ന് പറഞ്ഞുകൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ അസുഖത്തെ കുറിച്ച് സുബി കൃത്യമായി സംസാരിച്ചിരുന്നു. എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് 'വര്‍ക് ഷോപ്പില്‍' ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിയ്ക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.
ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിന്റെ തലേ ദീവസം മുതല്‍ തീരെ വയ്യാതെയായി. ഭയങ്കരമായ നെഞ്ചുവേദനയും ശരീര വേദനയും എല്ലാം തോന്നി. ഒന്നും കഴിക്കാനും പറ്റുന്നില്ല, ഇളനീര്‍ വെള്ളം പോലും കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. രണ്ട് ദിവസം മുന്‍പ് നെഞ്ച് വേദന എല്ലാം അധികമായപ്പോള്‍ ഞാന്‍ ഒരു ക്ലിനിക്കില്‍ പോയി ഇസിജി എല്ലാം എടുത്തിരുന്നു. അതിലൊന്നും കുഴപ്പം ഉണ്ടായിരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നല്‍കിയ മരുന്ന് ഒന്നും ഞാന്‍ കഴിച്ചില്ല.
എനിക്ക് വര്‍ക്ക് ഉണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടി വരുന്നത് ഭയങ്കര പ്രയാസമുള്ള കാര്യമാണ്. ഷൂട്ട് ഉണ്ടാവുമ്പോള്‍ മരുന്നോ ഭക്ഷണമോ ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. അപ്പോള്‍ കരുതും ആരോഗ്യം പോലും ശ്രദ്ധിക്കാതെ ഷൂട്ടിങിന് പോകുകയാണോ എന്ന്. കൊറോണ കഴിഞ്ഞ് കുറേക്കാലം വീട്ടില്‍ ഇരുന്നപ്പോള്‍ തന്നെ മടുത്തു, ഇപ്പോള്‍ എന്ത് ഷോ കിട്ടിയാലും എനിക്ക് ആര്‍ത്തിയാണ്. അത് പൈസയ്ക്ക് വേണ്ടിയല്ല, വെറുതേ ഇരിക്കാന്‍ പറ്റാത്തത് കൊണ്ടാണാണ്. കൂടെ കട്ടയ്ക്ക് നില്‍ക്കാന്‍ അനിയനും അമ്മയും ഒക്കെയുണ്ട്.
പിന്നെ ഉള്ള ഒരു പ്രശ്‌നം പാന്‍ക്രിയാസില്‍ ഒരു കല്ല് ഉണ്ട്. അത് നിലവിലെ സാഹചര്യത്തില്‍ അത്ര പ്രശ്‌നമല്ല. പക്ഷെ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ചിലപ്പോള്‍ പ്രശ്‌നമാവും. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കില്‍ കീ ഹോള്‍ ചെയ്ത് നീക്കാം. പിന്നെ തൈറോയിഡിന്റെ പ്രശ്‌നമുണ്ട്. ആ മെഡിസിനും ഞാന്‍ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതല്‍ അതും ശ്രദ്ധിക്കണം. ഇപ്പോള്‍ ഞാന്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം.
വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിവസം പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിയ്ക്കുന്നത്. ഇനി അങ്ങനെയുള്ള ശീലങ്ങള്‍ എല്ലാം മാറ്റി എടുക്കണം. എന്റെ അനുഭവത്തില്‍ നിന്നും പഠിച്ചതാണ് ഇതെല്ലാം. ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തില്‍ എന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു ഇന്‍ഫര്‍മേഷന്‍ നല്‍കാന്‍ വേണ്ടിയാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത് എന്നായിരുന്നു സുബി അന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha