വിങ്ങിപൊട്ടുന്ന മുഖങ്ങൾ.. ഉറ്റവർ തളർന്നുപോകുന്ന കാഴ്ച. മരണത്തിലും ചുണ്ടിൽ മായാതെ സുബിയുടെ പുഞ്ചിരി...
തന്റെ വിഡിയോകളിലും യൂട്യൂബ് ചാനലുകളിലും സുബി തന്റെ പ്രിയപ്പെട്ട നാടായ വരാപ്പുഴയെ കുറിച്ച് പലപ്പോഴും പറഞ്ഞിരുന്നു. എട്ടു വര്ഷം മുമ്പ് വരാപ്പുഴയിലേക്കു താമസം മാറ്റിയ സുബി സുരേഷ് വീടിനെയും നാടിനെയും അത്രമേൽ സ്നേഹിച്ചിരുന്നു. കഷ്ടപ്പെട്ടു പടുത്തുയർത്തിയ വീടിന് ‘എന്റെ വീട്’എന്നാണ് സുബി പേര് നൽകിയത്. തൃപ്പൂണിത്തുറയിലെ വീട്ടിൽനിന്ന് എളമക്കരയിലെ വാടകവീട്ടിലേക്കാണു സുബി ആദ്യം താമസം മാറിയത്. 8 വർഷം മുൻപാണു വരാപ്പുഴയിൽ വീടു പണിതത്. താരത്തിന്റെ ജാഡകളൊന്നും ഇല്ലാതെ നാട്ടുകാരിൽ ഒരാളായി സുബി എല്ലായിടത്തും എത്തി.
വരാപ്പുഴയിലും പരിസരങ്ങളിലും നടന്നിരുന്ന പല പരിപാടികളിലും പ്രധാന അതിഥിയും സുബിയായിരുന്നു. പ്രിയപ്പെട്ട വരാപ്പുഴയിലേക്ക് സുബിയുടെ ചേതനയറ്റ ശരീരം ഇന്നു രാവിലെ എത്തിച്ചിരുന്നു. പ്രിയപ്പെട്ടവർ അവസാനമായി ഒരു നോക്ക് കാണാൻ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സുബി അസുഖബാധിതയായി ആശുപത്രിയിലാണെന്ന് മിമിക്രി ലോകത്തെ അടുത്ത സുഹൃത്തുക്കൾക്കു മാത്രമേ അറിയുമായിരുന്നുള്ളു.
അതുകൊണ്ടുതന്നെ ഇന്നലെ രാവിലെ ടിവി ചാനൽ വാർത്തകളിൽ വാർത്ത അറിഞ്ഞപ്പോൾ പലർക്കും വിശ്വസിക്കാനായില്ല. സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടി ഓടി നടന്നിരുന്ന, മിമിക്രി കലാകാരന്മാരുടെ സംഘടനാ നേതാക്കൾ മരണ വാർത്തയറിഞ്ഞ് തളർന്നിരുന്നു. രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ടിനി ടോം, ഹരിശ്രീ മാർട്ടിൻ ഉൾപ്പെടെയുള്ളവർ ആലുവയിലെ ആശുപത്രിയിലേക്ക് എത്തിയിരുന്നു.
നടി കെപിഎസി ലളിത കഴിഞ്ഞ വർഷം വിടവാങ്ങിയ അതേ ദിവസം ഫെബ്രുവരി 22, മലയാള കലാരംഗത്തിന് മറ്റൊരു വേദനയായി സുബി സുരേഷ്. ഹാസ്യാഭിനയത്തിൽ മാത്രമല്ല, മരണത്തിലേക്കു നയിച്ച രോഗാവസ്ഥയിലും ഇരുവർക്കു സാമ്യമേറെ. ഏറെനാൾ കരൾ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു കെപിഎസി ലളിത. സുബിയുടെ മരണകാരണവും കരൾരോഗമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് കെപിഎസി ലളിതയുടെ വിയോഗത്തിൽ സമൂഹമാധ്യമത്തിലൂടെ സുബി അനുശോചനം അറിയിച്ചിരുന്നു. കെപിഎസി ലളിതയുടെയും സുബിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഏറെപ്പേർക്ക് വേദനയായി മറ്റൊരു ഫെബ്രുവരി 22 കൂടി.
സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരിലാണ് നടക്കുന്നത്. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചു. പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലാകും പൊതുദർശനം. തുടർന്ന് ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം. സുബിയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്.
കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 41 വയസ് മാത്രമുള്ള ഒരു വ്യക്തിക്ക് കരള്‍ രോഗം ഇത്രയും ഗുരുതരമാകുന്നത് പതിവില്ല. എന്നാല്‍ സുബിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്. അവരുടെ ചികില്‍സയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും അതിവേഗം ചെയ്തിരുന്നു. പക്ഷേ, ലക്ഷ്യത്തിലെത്തും മുമ്പേ സുബി വിടപറഞ്ഞു. പ്രതീക്ഷിതമായ വിയോഗമെന്നാണ് സഹപ്രവര്‍ത്തകരെല്ലാം പ്രതികരിക്കുന്നത്. എന്താണ് സുബിയുടെ അസുഖം, ആശുപത്രിയിലെത്തിയ ശേഷം സംഭവിച്ചത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി രംഗത്ത് എത്തിയിരുന്നു.
സുബി സുരേഷിന് നേരത്തെ കരള്‍ രോഗമുണ്ടായിരുന്നു. അതിന് പുറമെ അണുബാധയുമുണ്ടായി. ഇവിടെ വന്നപ്പോള്‍ അതായിരുന്നു അവസ്ഥ. ഇതിനുള്ള ചികില്‍സ നല്‍കി. എന്നാല്‍ ഇങ്ങനെ വരുന്ന രോഗികള്‍ക്ക് വൃക്കയെ ബാധിക്കാറുണ്ട്. സുബിയുടെ കാര്യത്തില്‍ കരളില്‍ നിന്നും വൃക്കയെയും ശേഷം ഹൃദയത്തെയും ബാധിച്ചിരുന്നു.
അവസാനം കാര്‍ഡിയാക് ഫെയ്‌ലിയറിലേക്ക് എത്തിയെന്നും ഡോക്ടര്‍ വിശദീകരിച്ചു. ഇനി ചെയ്യാനുണ്ടായിരുന്നത് കരള്‍ മാറ്റിവയ്ക്കുക എന്ന ഒപ്ഷന്‍ മാത്രമായി. അനിയോജ്യമായ ആളെ കണ്ടെത്തി. അവരുടെ ബന്ധുവായ സ്ത്രീ തന്നെയായിരുന്നു തയ്യാറായത്. അതിനുള്ള നടപടികള്‍ ചെയ്തുവരികയായിരുന്നു. ഇന്‍ഫക്ഷന്‍ കാരണം മാറ്റിവയ്ക്കല്‍ നടന്നില്ല എന്നത് സത്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha