ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുമ്പിൽ ഹാജരാകില്ല: നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളുള്ളതിനാൽ ഹാജരാവാനാകില്ലെന്ന് രവീന്ദ്രൻ...
ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുമ്പിൽ ഇന്ന് ഹാജരാകില്ല. കൊച്ചിയിലെ ഓഫിസിൽ രാവിലെ 10നു ഹാജരാകാനാണു രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്നു നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളുള്ളതിനാൽ ഹാജരാകാനാവില്ലെന്നു രവീന്ദ്രൻ ഇ.ഡിയെ അറിയിച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്നും രവീന്ദ്രൻ അറിയിച്ചിട്ടുണ്ട്. നിയമസഭാസേമ്മളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിനു ചോദ്യം ചെയ്യലിനു ഹാജരാകാതിരിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഇ.ഡി. നിയമോപദേശം തേടിയേക്കും.
2020 ഡിസംബറിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ഹാജരായിരുന്നില്ല. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന്, നാലാമതും നോട്ടീസ് ലഭിച്ചപ്പോഴാണു ഹാജരായത്. കോവിഡ് ഭേദമായശേഷവും ആശുപത്രിയിൽ തുടർന്ന രവീന്ദ്രനോടു ചോദ്യം ചെയ്യലുമായി സഹകരിക്കാൻ സിപിഎം. സംസ്ഥാനനേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.
ഇന്നു ഹാജരായില്ലെങ്കിൽ ഇഡി തുടർന്നും നോട്ടിസ് നൽകും. മൂന്നു തവണ നോട്ടിസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും. ചോദ്യം ചെയ്യാൻ ഹാജരായാലും അന്വേഷണവുമായി രവീന്ദ്രൻ സഹകരിക്കില്ല.
ഫ്ലാറ്റ് നിർമിക്കാൻ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇഡി കേസ്. കോഴ നൽകിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഇവർ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി ചോദ്യം ചെയ്യാനിടയുണ്ട്.
രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാകാം. കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധത്തെക്കുറിച്ചും ഇഡി ആരായാനിടയുണ്ട്. ലൈഫ് മിഷൻ കോഴകേസിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്.
കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടിയിരുന്നത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എംശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.
നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ അടക്കം ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്റേത്.
https://www.facebook.com/Malayalivartha