നടി ആക്രമണക്കേസിൽ പൾസർ സുനിയെ ഞെട്ടിച്ച് ഹൈക്കോടതി: മുദ്രവച്ച കവറിലെത്തിയ മൊഴി പകർപ്പ് പരിശോധിച്ച കോടതി നടിയ്ക്ക് നേരെ നടന്നത് ക്രൂരമായ അക്രമമാണെന്നും, മൊഴികളിൽ വ്യക്തമെന്നും പരാമർശിച്ചു:- പൾസർ സുനിയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റി
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതിയുടെ പരാമർശം. പൾസർ സുനിയുടെ ജാമ്യ ഹർജിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കിയ നടിയുടെ മൊഴിപ്പകർപ്പ് പരിശോധിച്ച ശേഷമാണ് നടിയ്ക്ക് നേരെ നടന്നത് ക്രൂരമായ അക്രമമാണെന്നും അത് മൊഴികളിൽ വ്യക്തമാണെന്നും കോടതി പറഞ്ഞത്. പൾസർ സുനിയുടെ ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. കഴിഞ്ഞ ആറ് വർഷത്തോളമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന പള്‍സർ സുനി ജാമ്യം നേടി പുറത്തിറങ്ങാനായി പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല.
ജാമ്യം തേടി പള്‍സർ സുനി കോടതിയിലെത്തുമ്പോഴെല്ലാം ശക്തമായ എതിർപ്പായിരുന്നു പ്രോസിക്യൂഷനും സർക്കാറും ഉയർത്തിയിരുന്നത്. ഇതിനിടെയാണ് പള്‍സർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയില്‍ അതിജീവിതയുടേത് ഉള്‍പ്പടെ പള്‍സർ സുനിക്കെതിരായ മൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിക്കെതിരായ മൊഴികള്‍ വിചാരണ കോടതി ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറി.
ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുകയാണ്. ഇതുവരെ ഒരുതവണ പോലും പുറത്തിറങ്ങിയിട്ടില്ല. തന്റെ കൂടെ പ്രതികളായിരുന്ന എല്ലാവരും പുറത്തിറങ്ങി. അതിനാല്‍ ജാമ്യത്തിന് അർഹനാണെന്നാണ് പള്‍സർ സുനിയുടെ വാദം. കേസില്‍ വിചാരണ ഇനിയും നീളാന്‍ സാധ്യതയുണ്ടെന്ന് വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ച കാര്യവും സുനി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ പള്‍സര്‍ സുനി നല്‍കിയ അപേക്ഷയിലായിരുന്നു ഹൈക്കോടതി വിധി. കേസില്‍ വിചാരണ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയെ സമീപിക്കുകയായിരുന്നു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും തന്റെ കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കണമെന്നുമായിരുന്നു സുനിയുടെ വാദം. അതേസമയം പള്‍സർ സുനിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. 'പ്രതികളെ വിചാരണ തടവുകാരായി തുടരുമ്പോൾ അവർക്ക് ജാമ്യത്തിന് സാധ്യത ഉണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ അത്തരത്തിലൊരു സാധ്യത ഇല്ല. അതിന് പ്രധാന കാരണം വിചാരണ തുടരുമ്പോൾ തന്നെ പൾസർ സുനിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതാണ്.
അതുകൊണ്ട് തന്നെ ഹൈക്കോടതി പൾസർ സുനിയുടെ ആവശ്യം പരിഗണിക്കാൻ സാധ്യത ഇല്ലെന്ന് അഭിഭാഷകനായ പ്രിയദർശന്‍ തമ്പി വ്യക്തമാക്കിയിരുന്നു. പൾസർ സുനിയെ ഇത്രയും വർഷം വിചാരണ തടവുകാരനായി ജയിലിലിടാൻ സാധിക്കില്ലെന്നും പ്രധാന സാക്ഷിയെ അടക്കം കേസിൽ വിസ്തരിച്ച് കഴിഞ്ഞുവെന്നും ആകും പൾസർ സുനിയുടെ അപേക്ഷയിൽ പറയുന്നത്. ഹൈക്കോടതി സ്വാഭാവികമായും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടും ഇതൊരു സ്വാഭാവിക നടപടിയാണ്. പ്രധാന പ്രതികൾ പുറത്തിറങ്ങി കഴിഞ്ഞാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നതിനാല്‍ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ ശക്തമായി എതിർക്കുകയായിരുന്നു.
അതേസമയം, കേസിലെ വിചാരണ നടപടികള്‍ പൂർത്തിയാക്കുന്നതിന് വേണ്ടി ആറ് മാസത്തെ സമയം കൂടി വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത് നടത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാവും. മൂഹമനസാക്ഷിയെ ആകെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പള്‍സർ സുനി.
നടിയെ തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് എത്തിക്കാനായി പോയ കാർ ഡ്രൈവറായിരുന്ന പള്‍സർ സുനി തന്റെ സംഘവുമായി ചേർന്ന് യാത്രാമധ്യേ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് നടിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ സംഭവത്തിലെ ഗൂഡാലോചന കുറ്റമാണ് പൊലീസ് എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ അന്ന് മുതല്‍ ജയിലിലായ പള്‍സർ സുനിക്ക് ഇതുവരെ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha