സ്വപ്നയെ ഞാൻ കണ്ടു! സംസാരിച്ചതിന്റെ റെക്കോർഡ് ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ... മനസുകൊണ്ട് ഇഷ്ടപ്പെടുന്നത് ബി.ജെ.പിയെ: കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായല്ല എത്തിയത്! വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടത്: സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞ് വിജേഷ് പിള്ള
സ്വർണ്ണക്കടത്ത് കേസിൽ താനുമായി ഒത്തുതീർപ്പിന് ശ്രമം നടന്നു എന്നുളള ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വൈകുന്നേരം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് എത്തിയിരുന്നു. കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ ബെംഗളൂരുവിൽ വെച്ചാണ് താനുമായി ഒത്തുതീർപ്പ് സംസാരിച്ചത് എന്ന് സ്വപ്ന പറഞ്ഞു. ഈ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കണ്ടെന്ന് സ്ഥിരീകരിച്ച് കണ്ണൂർ സ്വദേശിയായ വിജേഷ് രംഗത്ത് എത്തുകയും ചെയ്തു.
എന്നാൽ സ്വപ്‌ന ആരോപിക്കുന്നത് പോലെ കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായല്ല എത്തിയതെന്നാണ് വിജേഷ് പിള്ളയുടെ വാദം. 'സ്വപ്നയെ താൻ കണ്ടു. പക്ഷേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല. വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ നേരത്തെ പരിചയമില്ല.
സംസാരിച്ചത് മുഴുവൻ ബിസിനസ് കാര്യങ്ങളാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അവർ തന്നെ സംസാരിച്ചത്. രാഷ്ട്രീയപരമായി ആ കൂടിക്കാഴ്ചക്ക് ഒരു ബന്ധമില്ല. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾ അവർ തന്നെ തെളിയിക്കട്ടെ. ഞങ്ങൾ സംസാരിച്ചതിന്റെ റെക്കോർഡ് ഉണ്ടെങ്കിൽ അവരത് പുറത്ത് വിടട്ടെ..'സ്വപ്‌ന സുരേഷിന്റെ കേസ് ഒത്തുതീർപ്പാക്കാൻ ഞാൻ ആരാണെന്നും വിജേഷ് ചോദിച്ചു.
എനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല. ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല, ഞാൻ പ്രവർത്തിച്ചിട്ടുമില്ല. പാർട്ടിയിലെ ഒരാളെയും നേരിട്ട് ബന്ധമില്ല. സ്വപ്‌ന ഉന്നയിക്കുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിനെ എനിക്ക് നേരിട്ട് പരിചയമില്ല. അവർക്കും എന്നെയറിയില്ല. മനസുകൊണ്ട് ഞാന്‍ ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണ്. വിജേഷ് പറയുന്നു.
സ്വപ്‌നയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇങ്ങോട്ട് സംസാരിച്ചത്. അവർ വളരെ പ്ലാൻ ചെയ്തായിരുന്നു സംസാരിച്ചിരുന്നതെന്ന് ഇപ്പോൾ മനസിലാകുന്നു. ബംഗളൂരുവിൽ ഞാൻ താമസിച്ച ഹോട്ടലിലാണ് സ്വപ്ന എത്തിയത്. ആദ്യമായി സ്വപ്നയെ വിളിക്കുന്നത് ഫെബ്രുവരി 27 നായിരുന്നു. ഇന്നലെ ഇക്കാര്യത്തിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തിരുന്നു. ഇഡിക്ക് വിശദമായ മൊഴി നൽകിയിരുന്നു.'വിജേഷ് പറഞ്ഞു. സ്വപ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്‍റെ പേര് വിജേഷ് പിള്ളയാണ്. ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ പേര് മാറുന്നത് എങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു.
അതീവ ഗുരുതരമായ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയുടെയും വാട്സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങൾ സ്വപ്ന സുരേഷ് പുറത്തുവിട്ടു. ശിവശങ്കറിന്റെ തനിനിറം അറിഞ്ഞതോടെയാണ് എല്ലാം തുറന്ന് പറയാന്‍ ആരംഭിച്ചത്. അഭിമുഖം എടുക്കാന്‍ ബാംഗ്ലൂര്‍ വരണം എന്ന് പറഞ്ഞാണ് വിജേഷ് പിള്ള വിളിച്ചത്. താന്‍ മക്കളുമൊപ്പം ബെംഗളൂരുവിലുളള ഹോട്ടലിലേക്ക് പോയി ലോബിയില്‍ ഇരുന്ന് സംസാരിച്ചു.
അതൊരു ഒത്തുതീര്‍പ്പ് ശ്രമം ആയിരുന്നു. ഒരാഴ്ചത്തെ സമയം തരാം, മക്കളെയും കൊണ്ട് സ്ഥലം വിടണം. ഹരിയാനയിലോ ജയ്പൂരിലേക്കോ മാറണം. അവിടെ വേണ്ട എല്ലാ സഹായവും തരും. ഫ്‌ളാറ്റ് എടുത്ത് തരാം. മുഖ്യമന്ത്രിയുടേയും വീണയുടേയും കമല മാഡത്തിന്റെയും അടക്കമുളള വിവരങ്ങള്‍ എല്ലാം അവര്‍ക്ക് കൊടുക്കുക. അവര്‍ അത് നശിപ്പിച്ചോളും. മുഖ്യമന്ത്രിക്കെതിരെയും മകള്‍ക്ക് എതിരെയും യൂസഫലിക്ക് എതിരെയും സംസാരിക്കുന്നത് നിര്‍ത്തി ജനത്തോട് ക്ഷമ ചോദിച്ച് താന്‍ കളളം പറഞ്ഞതാണ് എന്ന് ഏറ്റ് പറഞ്ഞ് കൊണ്ട് ഇവിടെ നിന്ന് മുങ്ങുക.
ഒരു മാസത്തിനകം മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുളള ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ടും വിസയും റെഡിയാക്കി തരാം. പിന്നെ ഒരിക്കലും സ്വപ്‌ന സുരേഷ് എന്ന വ്യക്തി ജീവനോടെ ഉണ്ടോ എന്ന് പോലും ആരും അറിയാന്‍ പാടില്ല'' എന്ന് പറഞ്ഞതായും സ്വപ്ന സുരേഷ് ആരോപിച്ചു.
https://www.facebook.com/Malayalivartha