യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കയ്യേറ്റം ചെയ്തു: പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ആദ്യം പ്രവേശനം നിഷേധിച്ച് പോലീസ്
കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവർത്തകർക്കു നേരെ പൊലീസ് കയ്യേറ്റം ഉണ്ടാവുകയും ചെയ്തതറിഞ്ഞ് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ആദ്യം സ്റ്റേഷനിലേക്ക് പ്രവേശനം നിഷേധിച്ച് പൊലീസ്. സ്റ്റേഷനു മുന്നിലെത്തിയ തിരുവഞ്ചൂരിനു ഗേറ്റ് പൂട്ടിയിരുന്നതിനാൽ അകത്തേക്കു കയറാനായില്ല.
സ്റ്റേഷനിൽ ഉണ്ടായിരുന്ന എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖുമായി സംസാരിക്കണമെന്നു തിരുവഞ്ചൂർ ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ സമയം കാത്തുനിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കുമായി ഫോണിൽ സംസാരിച്ചു. സ്റ്റേഷനു മുൻപിൽ കുത്തിയിരുന്നു സമരം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചതോടെ എംഎൽഎയെ മാത്രം സ്റ്റേഷനകത്തേക്കു പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ നടത്തിയ സമരം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 3 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചും പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രതിക്കു ചോർത്തി നൽകിയെന്നാരോപിച്ചുമായിരുന്നു സമരം.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റാഷ്മോൻ ഒറ്റാട്ടിൽ എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 10 പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പിന്നീടു കേസെടുത്തു.
രാവിലെ പത്തോടെ സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസുമായി സംസാരിക്കുകയും മറുപടി തൃപ്തികരമാകാത്തതിനെത്തുടർന്നു കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതോടെ പൊലീസും സമരക്കാരുമായി ഉന്തും തള്ളുമായി.കൂടുതൽ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തിയതോടെ വൈക്കം എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി ബലമായി സമരക്കാരെ പുറത്താക്കി.
ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥലത്തെത്തി എഎസ്പിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന്, അറസ്റ്റിലായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ആതിര നല്‍കിയ പരാതി മണിക്കൂറുകള്‍ക്കകം പ്രതി അരുൺ വിദ്യാധരനു ചോർന്ന് കിട്ടിയെന്നാണ് ആരോപണം. പെൺകുട്ടി നല്‍കിയ പരാതി ഏതാനും മണിക്കൂറുകൾക്കകം പ്രതിയുടെ പക്കൽ എത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെടുകയും ചെയ്തു. പ്രതിയെ സഹായിക്കുന്ന ചിലർ പൊലീസിലുണ്ടെന്നു സംശയമുള്ളതായാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. അതേ സമയം പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലോഡ്ജിൽ രാകേഷ് കുമാർ എന്ന പേരിലാണ് ഇയാൾ മുറി എടുത്തിരുന്നത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിരുന്നു.
അരുൺ ഞായറാഴ്ചയാണു സമൂഹമാധ്യമങ്ങളിലൂടെ ആതിരയ്ക്കും കുടുംബത്തിനുമെതിരെ സൈബർ അധിക്ഷേപം നടത്തിയത്. ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം പിറ്റേന്നു പുലർച്ചെ ജീവനൊടുക്കുകയായിരുന്നു. അരുണിന്റെ ഫോണിൽ നിന്ന് അവസാനം സിഗ്നൽ ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണ്. ഇവിടം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ആതിരയും അരുണ്‍ വിദ്യാധരനും നേരത്തെ അടുപ്പത്തിലായിരുന്നു. ഒരുവര്‍ഷം മുന്‍പ് ഇരുവരും ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ അടുത്തിടെ ആതിരയ്ക്ക് മറ്റുവിവാഹാലോചനകള്‍ വന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും ഇതിനുപിന്നാലെയാണ് ഭീഷണിയും സൈബര്‍ ആക്രമണവും ആരംഭിച്ചതെന്നും സഹോദരീഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര കടുംകൈ ചെയ്തത്.
https://www.facebook.com/Malayalivartha