മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി 6 പേർ മരിച്ചു! മരിച്ചതില്‍ സ്ത്രീകളും കുട്ടികളും
മലപ്പുറം പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി ആറു പേർ മരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. 35ഓളം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് . എട്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, നിരവധി പേരെ കാണാതായി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തുന്നുണ്ട്. രക്ഷപ്പെടുത്തിയവരിൽ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികം.
കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് അപകടം നടന്ന പ്രദേശം. ഇവിടെനിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. ഞായറാഴ്ച ആയതിനാൽ തീരത്ത് സന്ദർശകരുടെ നല്ല തിരക്കായിരുന്നു. പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലാണ് ഒട്ടുംപുറം തൂവൽതീരം.
കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് അടക്കം എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം.
ചെറിയ തോണികളില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്. പരപ്പനങ്ങാടി നഹാസ്, ജെ.എസ് മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയാണ്. ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.
https://www.facebook.com/Malayalivartha