ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു: അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ്' വിറപ്പിക്കും: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് :- കരുതലോടെ കേരളം
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആൻഡമാൻ കടലിന് സമീപത്തായി രൂപപ്പെട്ട ന്യൂനമർദ്ദം കഴിഞ്ഞ ദിവസം വൈകിട്ടോടെ ശക്തിപ്പെട്ടു. രാത്രിയോടെ വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദം ആകുകയും ചെയ്തു. അടുത്ത മണിക്കൂറുകളിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങി മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. ഈ ന്യൂനമർദ്ദം ഈ മാസം 11 വരെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും തുടർന്ന് ദിശ മാറി ബംഗ്ലാദേശ്, മ്യാൻമർ അതിർത്തി ലക്ഷ്യമാക്കി നീങ്ങാനുമാണ് സാധ്യത. ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ മേഖലയിൽ സമുദ്ര താപനില കൂടി നിൽക്കുന്നതിനാൽ ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കും എന്നും സൂചനകൾ ഉണ്ട്.
കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് മോക്ക. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്ര ന്യൂവമർദ്ദമാണ് മോക്ക ചുഴലിക്കാറ്റായി മാറുന്നത്. വടക്ക് - വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കി.മീ വരെ വേഗതയുണ്ടാകും. തീരം തൊടും മുമ്പേ ദുർബലമാകാനുള്ള സാധ്യതകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കേരളത്തെ മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്‍റെ അന്തരീക്ഷത്തിലെത്താൻ മോക്ക കാരണമാകും. ഒരിടവേളയ്ക്ക് ശേഷം മഴ സജീവമാകാൻ കാരണമിതാണ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കേണ്ടത്.
പെടുന്നനെയുള്ള മഴയെ കരുതിയിരിക്കണം. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൂടുതൽ മഴ കിട്ടിയേക്കും. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുത് എന്നും നിര്‍ദ്ദേശമുണ്ട്.
ശക്തമായ കാറ്റും ഇടിമിന്നലും ഈ അവസരങ്ങളിൽ ഉണ്ടാകാം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് മാറിത്താമസിക്കാൻ തയാറാകണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കണം.
കാറ്റിൽ മരങ്ങളും പോസ്റ്റുകളും വീണുണ്ടാകുന്ന അപകടങ്ങൾ ശ്രദ്ധിക്കണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ,പോസ്റ്റുകൾ,ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. ശക്തമായ മഴയിൽ നദികൾ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലുള്ള മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണാനോ, സെൽഫി എടുക്കാനോ, കൂട്ടം കൂടി നിൽക്കാനോ പാടില്ല.
ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്ത് വേനൽ മഴ മെച്ചപ്പെട്ടെങ്കിലും. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഇപ്പോഴും 80 ശതമാനമാണ് ഈ സീസണിലെ മഴക്കുറവ്. കേരളത്തിൽ 13 ശതമാനം കുറവാണ് ഇതുവരെയുള്ള മഴ കണക്ക്. കാലവർഷം സംബന്ധിച്ച രണ്ടാം ഘട്ട പ്രവചനം 15ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കും. കേരളത്തെ ന്യൂനമർദ്ദം നേരിട്ട് ബാധിക്കില്ലെങ്കിലും ഫുൾ എഫക്ട് ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
https://www.facebook.com/Malayalivartha