സന്ദീപിന് അർഹിക്കുന്ന ശിക്ഷ വാങ്ങിനൽകാനൊരുങ്ങി പൊലീസ്: കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി:- സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് കേസിൽ സ്പെഷ്യൽ പ്രോസിക്യുട്ടറായി എത്തുമെന്ന് ആഭ്യന്തരവകുപ്പിൻ്റെ പ്രതീക്ഷ
ഹൗസ് സർജനായ ഡോ. വന്ദനാദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സന്ദീപിന് അർഹിക്കുന്ന ശിക്ഷ വാങ്ങിനൽകാനൊരുങ്ങി പൊലീസ്. കേസ് അന്വേഷിക്കുന്ന കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു. എഡിജിപി എംആർ അജിത് കുമാർ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രത്യേക യോഗം ചേർന്നാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേസിൽ ശാസ്ത്രീയ തെളിവുകൾ, സാക്ഷിമൊഴികൾ, വിവിധ രേഖകൾ തുടങ്ങിയവ ഘട്ടംഘട്ടമായി ശേഖരിക്കുന്നത് സംബന്ധിച്ചാണ് ആക്ഷൻ പ്ലാൻ ചർച്ച ചെയ്യുന്നത്.
പ്രതിക്ക് പരമാവധി ശിക്ഷതന്നെ വാങ്ങി നൽകാനുള്ള ഒരുക്കത്തിലാണ് പൊലീസ് തയ്യാറെടുക്കുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് കേസിൽ സ്പെഷ്യൽ പ്രോസിക്യുട്ടറായി എത്തുമെന്നാണ് ആഭ്യന്തരവകുപ്പിൻ്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് പ്രമുഖ അഭിഭാഷകനായ ജി. മോഹൻരാജിനോട് പൊലീസ് താല്പര്യം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹം സന്നദ്ധനായാൽ അദ്ദേഹത്തിന്റെ കൂടെ സഹകരണത്തോടെയാകും അന്വേഷണമെന്നും പൊലീസ് പറയുന്നു.
മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ചേർന്ന യോഗത്തിന് മുമ്പ് എഡിജിപി എംആർ അജിത്ത് കുമാർ സംഭവം നടന്ന താലൂക്ക് ആശുപത്രിയിലെ വിവിധ മുറികൾ സന്ദർശിച്ചിരുന്നു. താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ കാമറകളുടെ ഹാഡ് ഡിസ്കുകളിൽ നിന്നുള്ള ദൃശ്യങ്ങളും ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തിങ്കളാഴ്ച അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.
ഡോ.വന്ദനയെ സന്ദീപ് കുത്തുന്നത് നേരിൽ കണ്ട സഹപാഠിയായ ഡോ. ഷിബിൻ മുഹമ്മദിൻ്റെ എഫ്ഐആറിലെ മൊഴിയിലുണ്ടായ വൈരുദ്ധ്യം തുടരന്വേഷണത്തിൽ വിശദമായ മൊഴിയെടുത്ത് പരിഹരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിച്ച് പ്രതി ജാമ്യം ലഭിച്ച് പുറത്തിറങ്ങാതെ തന്നെ വിചാരണ നടത്താനാണ് നിലവിൽ ആലോചന നടക്കുന്നത്.
ഡിഐജി ആർ നിശാന്തിനി പ്രതിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ചു.പരമാവധി ശാസ്ത്രീയ തെളിവുകൾ കൃത്യതയോടെ ശേഖരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ പ്രതികരിച്ചു. പ്ലാൻ പ്രകാരമുള്ള തെളിവുകളും സാക്ഷി മൊഴികളും മറ്റ് രേഖകളും ലഭിച്ചാൽ 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് നിലവിൽ നീക്കം നടക്കുന്നത്.
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്നങ്ങളില്ലെന്ന സ്ഥിരീകരണവും പുറത്ത് വന്നിട്ടുണ്ട്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോടു പറഞ്ഞു. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണു കത്തിയെടുത്തത്.
പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് ഏറ്റുപറച്ചില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സമ്മതിച്ചു. രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്നു ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്. സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്‍റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെ സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെ: നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നൂവെന്ന തോന്നലായിരുന്നു തനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസെത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നുവെന്നും സന്ദീപ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha