പിണക്കം മാറി വീണ്ടും ഭാര്യയുമായി അടുത്തത് വൈഫ് സ്വാപ്പിങ്ങിന് വേണ്ടി ; യുവതി ആവശ്യം നിഷേധിച്ചതോടെ പകയായി ; മാലത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മരണ കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് : ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു
കോട്ടയം മണർകാട് മാലത്ത് യുവതി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പിന്നിൽ ഭർത്താവിന്റെ പകയെന്ന് പൊലീസ്. മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. മുൻപ് വൈഫ് സ്വാപ്പിങ്ങ് കേസിൽ ഭർത്താവുമായി ഇവർ അകന്നു കഴിയുകയായിരുന്നു. കറുകച്ചാലിൽ വൈഫ് സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട കേസിൽ ജൂബി ഭർത്താവായ ഷിനോയ്ക്കെതിരെ പൊലീസിൽ മൊഴിയും നൽകിയിരുന്നു. ഈ കേസിന് ശേഷം ഇവർ പരസ്പരം അകന്നു കഴിയുകയായിരുന്നു. മാസങ്ങളോളം ഭർത്താവുമായി പിരിഞ്ഞ് മക്കളോടൊപ്പം മാലത്തുള്ള സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം.
എന്നാൽ പിണക്കം മാറി ഇവർ അടുത്തിടെയാണ് വീണ്ടും അടുത്തത്. ഇതിനെ തുടർന്ന് ഇവർ പതിനാലാം മൈലിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ വീണ്ടും വൈഫ് സ്വാപ്പിങ്ങിനായി ഷിനോ ജൂബിയെ നിർബന്ധിക്കുകയായിരുന്നു. ഇത് ഇവർ എതിർത്തതോടെ പകയായി. ഇതോടെ യുവതി മക്കളെയും കൂട്ടി മാലത്തുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മാലത്തെ വീട്ടിലെത്തിയ പ്രതി കയ്യിൽ കരുതിയ ആയുധവുമായി ജൂബിയെ അക്രമിക്കുകയായിരുന്നു. വീടിന്റെ കതക് ചവിട്ടിത്തുറന്ന ഇയാൾ യുവതിയുടെ കഴുത്തിലും ശരീരത്തിലുമായി വെട്ടി പരിക്കേൽപ്പിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ സമീപത്ത് ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് രക്തത്തിൽ കുളിച്ചു നിൽക്കുന്ന നിലയിൽ ജൂബിയെ കണ്ടെത് . ഇവർ എത്തിയപ്പോൾ പ്രതി വീടിന് പിന്നിലെ വാതിലിലൂടെ ഓടി രക്ഷപെട്ടു. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തായിരുന്നു.
പൊലീസ് എത്തി യുവതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമണത്തിന് പിന്നിൽ ഭർത്താവ് തന്നെയാണ് എന്ന് ജൂബിയുടെ പിതാവ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
https://www.facebook.com/Malayalivartha