അഞ്ച് ലക്ഷം രൂപയുടെ കോളർ തമിഴ്നാട് സർക്കാർ കൊണ്ടുപോകും: അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാർഗമില്ല- എംഎൽഎ കെ.ബി. ഗണേഷ് കുമാർ
നാട് വിറപ്പിക്കുന്ന അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ. വേറെ എവിടെക്കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും ഗണേഷ് കുമാർ പറയുന്നു. ‘‘ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്. അതിനെ സ്നേഹിക്കുകയും അതിന്റെ മനശാസ്ത്രം അറിയുകയും ചെയ്യാം. ആനത്താരയിൽ ആളുകള്‍ താമസിക്കുന്നു എന്നൊക്കെ പറയുന്നത് പാവപ്പെട്ട കർഷകരെ ഉപദ്രവിക്കുന്ന പ്രസ്താവനയാണ്. അങ്ങനെയാണെങ്കിൽ കമ്പത്ത് താമസിക്കുന്ന ആളുകളൊക്കെ ആനത്താരയിൽ സ്ഥലം വച്ച് താമസിച്ചവരാണോ? അല്ലല്ലോ.
ആനയ്ക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ മണം പിടിച്ചു കഴിഞ്ഞാൽ അത് തേടിവരും. ഈ ആനയക്ക് മനുഷ്യന്റെയും അരിയുടെയും മണം അറിയാം. ആദ്യം തേയിലത്തോട്ടത്തിലിറങ്ങി, പിന്നെ അരി അന്വേഷിച്ചുവന്നു. ഇപ്പോൾ നാട്ടിലും ഇറങ്ങി. അതിന് നാട്ടിലെ ആളുകളെ ഭയമില്ല. തമിഴ്നാട് അതിനെ പിടിക്കുകയല്ലാതെ വേറെ മാർഗമില്ല. ഇതിനെ എവിടെക്കൊണ്ടെ വിട്ടാലും പുറത്തുവന്നുകൊണ്ടിരിക്കും. ഉത്സവത്തിന് കൊണ്ടുവരുന്ന ആനയ്ക്ക് ഒരു പഴം മേടിച്ച് കൊടുക്കാത്ത ആളുകളാണ് ഇതിനെതിരെ കേസ് കൊടുക്കുന്നത്.
ഈയിടെ നടന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ഉന്നതതല യോഗത്തിൽ ഞാൻ പറഞ്ഞിരുന്നു നിങ്ങളുടെ അഞ്ച് ലക്ഷം രൂപയുടെ കോളർ തമിഴ്നാട് സർക്കാർ കൊണ്ടുപോകുമെന്ന്. മിക്കളാരും അത് സംഭവിക്കും. ആനയ്ക്ക് വഴി മനസ്സിലായി. എവിടെ കൊണ്ടെ വിട്ടാലും ഇനി വീണ്ടും വരും. എത്രയും പെട്ടന്ന് മെരുക്കി കുങ്കി ആനയാക്കുകേ ഇനി വഴിയുള്ളൂ. ഓരോ ആനയ്ക്കും ഓരോ സ്വഭാവമുണ്ട്. ആവശ്യമില്ലാത്ത കാര്യത്തിൽ നമ്മൾ ഇടപെടരുത്. തമിഴ്നാട്ടിൽ മനുഷ്യജീവന് ഇവിടുത്തേക്കാൾ വിലയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മിക്കവാറും ഇന്നു തന്നെ പിടിച്ചുകൊണ്ടുപോകും. ഇടത്തേക്കാലിലെ മന്ത് എടുത്ത് വലത്തേകാലിൽ വച്ച അവസ്ഥയാണ് ഇപ്പോൾ. കമ്പം ടൗണിലൊന്നും ആനയിറങ്ങി ചരിത്രമില്ല. കുമളി ടൗണിൽ ആനയിറങ്ങിയിട്ടുണ്ടോ? ഇപ്പോൾ ഈ ആന കുമളിയിലിറങ്ങിയേനെ. ഈ ആന ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. നല്ല ആരോഗ്യവാനാണ് അവൻ. 45 കിലോമീറ്ററോളം യാത്ര ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ കപട ആന പ്രേമികളില്ല. ഇവിടെ എല്ലാം പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതാണ്. ഈ വിഷയത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ല. അവരുടെ തീരുമാനം ഇതായിരുന്നില്ല.’’–ഗണേഷ് കുമാർ പറഞ്ഞു.
അതേ സമയം കേരളത്തിൽ നടത്തിയ മിഷൻ അരികൊമ്പൻ വീണ്ടും ആവർത്തിക്കുകയാണ് തമിഴ്നാട്. അതിരാവിലെ മുതൽ അരിക്കൊമ്പനെ മയക്കുവെടു വയ്ക്കാനുള്ള ദൗത്യ സംഘം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ആനയെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ തുറന്നുവിടാനാണ് ശ്രമിക്കുന്നത്. ആന ആനഗജം ഭാഗത്ത് ഉള്ളതായി സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടി വക്കാനുള്ള തോക്കുമായി ഈ ഭാഗത്തേക്ക് നീങ്ങിയിരുന്നു. എന്നാൽ അപ്പോഴേക്കും ആന ഉൾക്കാട്ടിലേക്ക് കടക്കുകയായിരുന്നു. അരിക്കൊമ്പൻ കൂത്തനാച്ചി ക്ഷേത്രത്തിനു സമീപമുണ്ടെന്നായിരുന്നു രാവിലെ ലഭിച്ച വിവരം.
ചുരുളിക്കും കെ കെ പെട്ടിക്കും ഇടയിലാണ് ഈ സ്‌ഥലം. ശ്രീവല്ലിപുത്തൂർ മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. അരിക്കൊമ്പനെ പിടികൂടാൻ മറ്റൊരു കുങ്കിയാനയെക്കൂടി തമിഴ്നാട് ഏർപ്പാടാക്കി കഴിഞ്ഞു. മുത്തുവെന്ന മറ്റൊരു കുങ്കിയാനയെ കൂടി വനം വകുപ്പ് ഉടൻ തന്നെ കമ്പത്ത് എത്തിക്കും. കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതം ഇന്നും നിരോധിച്ചിരിക്കുകയാണ്.
ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇന്നലെ ബൈപ്പാസിനടുത്താണ് ആന ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വാഴത്തോപ്പിൽ തീയിട്ടത് കൊണ്ടായിരുന്നു ആന വിരണ്ടോടിയത്. അരിക്കൊമ്പനെ പിടിക്കാൻ പല സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ മതിവേന്തൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha