മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാല് വർഷം കൊണ്ട് തകർത്ത് തരിപ്പണമാക്കിയത് സ്വന്തം കുടുംബത്തെ: സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും ഉള്ള ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി: ട്രെയിൻ തട്ടി അച്ഛൻ മരിച്ചത് ആത്മഹത്യയെന്ന് സംശയം: രണ്ടാം വിവാഹം മുടങ്ങിയതിൽ നിരാശനായിരുന്ന മഹേഷ് മകളെ കൊലപ്പെടുത്തിയത് മനഃപൂർവം..? പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
പുന്നമ്മൂട്ടിൽ ആറ് വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അച്ഛൻ മേഹേഷിനെ കുറിച്ച് ഞെട്ടിക്കുന്ന കുറിപ്പുമായി അയൽവാസിയും അഡ്വക്കേറ്റുമായ കെ. വി അരുൺ. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാല് വർഷം കൊണ്ട് സ്വന്തം കുടുംബത്തെ തകർത്ത് തരിപ്പണമാക്കി എന്നാണ് അദ്ദേഹം പറയുന്നത്. കുറിപ്പ് ഇങ്ങനെ... അയൽവാസിയും,നാട്ടുകാരനും,വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബവും ആണ്, സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബം..പക്ഷെ ഈ ചെറുപ്പക്കാരൻ്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കി.
ആറു വയസുകാരിയും സ്വന്തം മകളുമായ ഈ കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാൾ വെട്ടി കൊലപ്പെടുത്തി, രണ്ട് വർഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. നാല് വർഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോൾ സംശയം, അതും ആത്മഹത്യ ആവണം. കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയിൽ പോയി കണ്ടു.സത്യത്തിൽ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകർന്ന് പോയി.. ഒന്നേ പറയാനുള്ളൂ.. പഴയ പോലെ അല്ല.. സിന്തറ്റിക്ക് മയക്കുമരുന്നുകൾ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്.
സ്വന്തം മക്കൾ അത് പെണ്ണോ ആണോ ആവട്ടെ..എവിടെ പോവുന്നു ആരൊക്കെ ആണ് സുഹ്യത്തുക്കൾ എന്ന് നിരന്തര..നിരന്തര.. നിരന്തര..ശ്രദ്ധ വേണം..ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂർവ്വം വീട്ടിൽ സൃഷ്ടിക്കണം.
കൂടാതെ നിർബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം ഏതെങ്കിലും മറ്റൊരു വിഷയത്തിൽ സ്പോർട്സിലോ ഡാൻസിലോ ബോഡി ബിംൽഡിങ്ങിലോ, പക്ഷി മ്യഗാദികളെ വളർത്തുന്നതിലോ അല്ലെങ്കിൽ മിനിമം ഏതെങ്കിലും ഒരു രാഷ്ട്രിയ- മത - സാമുദായിക സംഘടനയിൽ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം നമ്മളായി തന്നെ ബോധപൂർവ്വം ഒരുക്കണം.
അങ്ങനെ ഇല്ലാത്തവരാണ് (ഇവൻ അടക്കം) മയക്കുമരുന്ന് മാഫിയയുടെ കുരുക്കിൽ വേഗം പെടുന്നത്. അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാൽ, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവർത്തിക്കും.. കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വിൽപന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്. ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
ഇന്നലെയാണ് ആറ് വയസ് പ്രായമുള്ള നക്ഷത്രയെ 38കാരനായ മഹേഷ് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. 'അമ്മ വിദ്യയുടെ മാതാപിതാക്കളെ കാണണമെന്ന് മകൾ ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പോലീസ് സംശയിക്കുന്നെങ്കിലും കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി.
പുനർ വിവാഹം നടക്കാത്തതിൽ ഇയാൾ നിരാശനായിരുന്നെന്ന് പോലീസ് പറയുന്നു. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. മഹേഷിന്റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ മഹേഷിനെതിരേ പോലീസ് കേസെടുത്തിരുന്നു. വൈകുന്നേരം ജങ്ഷനിലെത്തി മടങ്ങിയ മഹേഷിന്റേത് ഭയപ്പെടുത്തുന്ന മുഖഭാവമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കൃത്യംകഴിഞ്ഞ് മഴുവുമായി വീടിനു മുന്നിലെ റോഡിൽ നിലയുറപ്പിച്ച ശ്രീമഹേഷിൽ നിന്ന് ആക്രമണം ഭയന്ന് പലരും ഒഴിഞ്ഞുമാറിപ്പോകുകയായിരുന്നു.
വിവരമറിഞ്ഞ് വൻപോലീസ് സംഘം എത്തിയാണ് കൈയ്ക്ക് വെട്ടേറ്റ സുനന്ദയെയും ആക്രമണഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന ശ്രീമഹേഷിനെയും ആശുപത്രിയിലേക്കു മാറ്റിയത്. നക്ഷത്രയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതിനുശേഷം പോലീസ് വീടു സീൽചെയ്തു. മെഡിക്കൽ പരിശോധനയ്ക്കുശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിൽനിന്ന് ശ്രീമഹേഷിനെ പോലീസ് ജീപ്പിലേക്കു കയറ്റാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha