വിദ്യയെ വിവാഹം ചെയ്തത് ഗൾഫിലെ നഴ്സ് ആണെന്ന് പറഞ്ഞ്: 101 പവനും, പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി:- ഒരുവർഷം കഴിഞ്ഞ് നാട്ടിൽ എത്തിയ മഹേഷ് ധൂർത്തടിച്ചത് അച്ഛന്റെ പെൻഷനിൽ: മദ്യപിച്ചെത്തി വിദ്യയെ മർദ്ദിക്കുന്നത് പതിവായിരുന്നെങ്കിലും, മാനക്കേട് ഭയന്ന് പരാതി നൽകിയില്ല: കാണാനില്ലെന്ന് പറഞ്ഞ് എത്തിയ ബന്ധുക്കൾ മഹേഷിന്റെ വീട്ടിൽ കണ്ടത് തൂങ്ങി നിൽക്കുന്ന വിദ്യയെ: നക്ഷത്രയുടെ പേരിൽ ലക്ഷങ്ങൾ വിദ്യയുടെ മാതാപിതാക്കൾ ഡെപ്പോസിറ്റ് ചെയ്തതോടെ മഹേഷ് ഇറക്കിയത് ജപ്തിയുടെ കഥ....
കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയാണ് നക്ഷത്രയുടെ ദാരുണ കൊലപാതകത്തിന്റെ വാര്‍ത്ത പുറത്ത് വന്നത്. ആറുവയസ്സുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്ന വിവരമറിഞ്ഞതോടെ പുന്നമൂട് ഗ്രാമം നടുങ്ങി. വാര്‍ത്ത കേട്ടവരെല്ലാം കനത്ത മഴ പോലും വകവയ്ക്കാതെയാണ് പുന്നമൂട് ജങ്ഷന് കിഴക്കുള്ള ആനക്കൂട്ടില്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വീട്ടില്‍ കളിച്ചുചിരിച്ച് നടന്നിരുന്ന ആറുവയസ്സുകാരിയുടെ ചോരയില്‍ കുളിച്ച ശരീരം കണ്ട് പലരും വാവിട്ട് കരയുകയായിരുന്നു. ഇപ്പോഴും ഈ സംഭവം നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ദുരൂഹമായി നിന്നത് 'അമ്മ' വിദ്യയുടെ ആത്മത്യയാണ്.
മനഃസാക്ഷിയില്ലാതെ ഒരു പിഞ്ച് കുരുന്നിനെ അരുംകൊലയ്ക്ക് ഇരയാക്കിയ മുപ്പത്തെട്ടുകാരന്റെ ഭാര്യയുടെ മരണം ആത്മത്യ ആണോ കൊലപാതകമാണോ എന്നതായി സംശയം. ഇതിനെ ബലപ്പെടുത്തി വിദ്യയുടെ കുടുംബവും രംഗത്ത് എത്തി. വിദ്യയുടെ മരണവും കൊലപാതകമാണെന്ന് സംശയമുള്ളതായി മാതാപിതാക്കൾ ആരോപിക്കുന്നു. 2019 ജൂൺ നാലിന് രാത്രിയിലാണ് വിദ്യയെ ഭർത്താവും നക്ഷത്രയെ കൊലപ്പെടുത്തിയ പ്രതിയുമായ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.
പലചരക്ക് വ്യാപാരിയായ പത്തിയൂർ വില്ലേജ് ഓഫീസിന് സമീപം തൃക്കാർത്തികയിൽ ലക്ഷ്മണന്റെയും വീട്ടമ്മയായ രാജശ്രീയുടെയും രണ്ട് മക്കളിൽ ഇളയവളായിരുന്നു വിദ്യ. 2013 ഒക്ടോബർ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗൾഫിൽ നഴ്സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്‌സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്. 101 പവനും പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി.
തുടർന്ന് ഗൾഫിൽ പോയ ശ്രീമഹേഷ് ഒരുവർഷത്തിനകം തിരിച്ചെത്തി. പിതാവിന്റെ ആശ്രിത പെൻഷനിൽ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു. ഇതേത്തുടർന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. വിദ്യയുടെ മരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.
ലക്ഷ്മണൻ ഗൾഫിലായിരുന്നപ്പോഴാണ് വിദ്യയെ കാണാനില്ലെന്നു പറഞ്ഞ് പത്തിയൂരിലെ വീട്ടിലേക്ക് ശ്രീമഹേഷിന്റെ ബന്ധു വിളിച്ചത്. തുടർന്ന് രാജശ്രീ ബന്ധുവായ നിഥിനൊപ്പം ശ്രീമഹേഷിന്റെ വീട്ടിലെത്തിയപ്പോൾ അമ്മ സുനന്ദയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് അടുക്കളയോടു ചേർന്ന് വിദ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്. കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. വിദ്യയുടെ മരണത്തെ തുടർന്നാണ് ലക്ഷ്മണൻ പ്രവാസ ജീവിതം അവസാനിപ്പിച്ചത്.
അമ്മയുടെ മരണ ശേഷം അന്ന് രണ്ടുവയസുണ്ടായിരുന്ന നക്ഷത്ര ആറുമാസത്തിലേറെ വിദ്യയുടെ വീട്ടിലായിരുന്നു. മകളെ കാണാൻ ശ്രീമഹേഷ് ഇടയ്‌ക്കിടെ വന്നിരുന്നു. വല്ലപ്പോഴും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മകളെ താൻ വളർത്താമെന്ന് ശാഠ്യം പിടിച്ചു. അതിനിടെ വിദ്യയുടെ സ്വർണം മാതാപിതാക്കൾ വിറ്റ് നക്ഷത്രയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി. തനിക്ക് കടമുണ്ടെന്നും വീട് ജപ്തിയിലാണെന്നും പറഞ്ഞ് ഈ പണം വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചെങ്കിലും വിദ്യയുടെ കുടുംബം വഴങ്ങിയില്ല.
വിദ്യ മരിച്ചിട്ട് മൂന്നു വർഷമായി. കൊലപാതകമാണോയെന്ന് എനിക്ക് ഇപ്പോള്‍ സംശയമുണ്ട്. കുഞ്ഞിനെയോർത്ത് അന്ന് കേസ് കൊടുക്കാൻ പോയില്ല. അമ്മ പോയെങ്കിലും അച്ഛനുണ്ടല്ലോ കുഞ്ഞിന് എന്ന നിലയ്ക്കാണ് കേസിനു പോകാതിരുന്നത്. നക്ഷത്ര പത്തിയൂരിലേക്ക് പൊയ്ക്കോട്ടേ എന്ന് ചോദിച്ചിരുന്നു. അച്ഛനോടു ചോദിച്ചിട്ട് പത്തിയൂരിലേക്കു പൊയ്ക്കോളൂ എന്നു നക്ഷത്രയോട് മഹേഷിന്റെ അമ്മ പറഞ്ഞു. പിന്നാലെ ഇവർ സമീപത്തുള്ള മകളുടെ വീട്ടിലേക്കു പോയി.
മഹേഷിനോടു നക്ഷത്ര പൊയ്ക്കോട്ടെയെന്ന് ചോദിച്ചു. അവർ തമ്മിൽ തർക്കമായി. അമ്മ മകളുടെ വീട്ടിൽ ചെന്നു കയറിയപ്പോൾത്തന്നെ നക്ഷത്രയുടെ കരച്ചിൽ കേട്ടു. അന്നേരം കുഞ്ഞിനെ അവൻ വെട്ടിയിരുന്നു. മഹേഷ് പുറത്തുപോയിട്ടു വന്നതേ ഉണ്ടായിരുന്നുള്ളൂ.
ലഹരിമരുന്ന് വല്ലതും ഉപയോഗിച്ചിരുന്നോയെന്ന് സംശയമുണ്ട്’’–വിദ്യയുടെ അച്ഛൻ ലക്ഷ്മണൻ പറയുന്നു. നക്ഷത്ര ഇവിടേക്കു വന്നിട്ട് ഇപ്പോൾ രണ്ടു വർഷമായെന്നു വിദ്യയുടെ അമ്മ രാജശ്രീ പറഞ്ഞു. ‘‘ഞങ്ങൾ അങ്ങോട്ടുപോയി കാണുന്നുണ്ട്. രണ്ടാഴ്ചമുൻപും ഞാൻ പോയി കണ്ടിരുന്നു. മോളുടെ മരണത്തിൽ ഞങ്ങൾക്കു സംശയം ഉണ്ട്’’ – അവർ പറയുന്നു.
https://www.facebook.com/Malayalivartha