47-ാംമത് വയലാർ അവാർഡ് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയ്ക്ക്; പുരസ്‌കാരം ലഭിച്ചത് 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്ക്ക്:- പുരസ്‌കാരം, ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നത്...
47ാമത് വയലാർ അവാർഡ് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയ്ക്ക്. 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരനാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യകാരായ വിജയലക്ഷ്മി, പി.കെ രാജശേഖരൻ, ഡോ.എൽ.തോമസ്കുട്ടി എന്നീ ജഡ്ജിങ് പാനലാണ് കൃതി തെരഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹര ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പ്രതവും സമർപ്പിക്കും.
വയലാർ രാമവർമയുടെ ചരമദിനമായ ഒക്‌ടോബർ 27നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനായിരുന്നു കഴിഞ്ഞ കൊല്ലത്തെ വയലാർ പുരസ്‌കാരം ലഭിച്ചത്.ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിനും ശ്രീകുമാരൻ തമ്പി അർഹനായിരുന്നു.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച രാമായണ ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ വാല്മീകി പുരസ്‌കാരവും ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി.
കാൽലക്ഷം രൂപയും പ്രശസ്തിഫലകവുമായിരുന്നു പുരസ്‌കാരം. ഹാർമോണിസ്റ്റും നാടക-സംഗീത സംവിധായകനും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്‌കാരം, കലാകാരനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന എം പി രഘുവിന്റെ ഓർമ്മക്കായും കലാരംഗത്തെ സമഗ്രസംഭാവനകൾക്കുമായും ഏർപ്പെടുത്തിയ ബി കെ എസ് വിശ്വകലാരത്ന പുരസ്‌കാരം, കാഞ്ഞങ്ങാട് കാവ്യോത്സവത്തോടനുബന്ധിച്ച് നൽകിവരുന്ന പി കുഞ്ഞിരാമൻ നായർ പുരസ്‌കാരം എന്നിവയ്ക്കും ഈ വർഷം അർഹനായത് ശ്രീകുമാരൻ തമ്പിയാണ്.
ഇക്കഴിഞ്ഞ മാർച്ചിലാണ് ശ്രീകുമാരൻ തമ്പി തന്റെ 84ാം ജന്മദിനത്തെ വരവേറ്റത്. മകൻ രാജ്കുമാറിന്റെ മരണശേഷം ജന്മദിനങ്ങളൊന്നും ആഘോഷിക്കാറില്ലായിരുന്നു അദ്ദേഹം. എൻജിയനീയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966ൽ കോഴിക്കോട് അസിസ്റ്റന്റ് പ്ലാനറായിരിക്കേ ഉദ്യോഗം രാജിവച്ച് മുഴുവൻ സമയം കലാസാഹിത്യ രംഗത്ത് തുടർന്നു.
മൂവായിരത്തിലധികം സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കാട്ടുമല്ലിക എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യ ഗാനരചന. 78 സിനിമകൾക്കു തിരക്കഥ എഴുതി. മുപ്പതിലധികം സിനിമകൾ സംവിധാനം ചെയ്തു. 22 ചലച്ചിത്രങ്ങൾ സ്വന്തമായി നിർമിച്ചു. 29 സിനിമകൾ സംവിധാനം ചെയ്യുകയും 85 സിനിമകൾക്ക് തിരക്കഥ രചിക്കുകയും ചെയ്‌തു. 13 ടെലിവിഷൻ പരമ്പരകളുടെ നിർമാതാവും സംവിധായകനുമായി.
ഏഴു കവിതാ സമാഗഹാരങ്ങൾ, നാല് നോവലുകൾ, ഒരു കഥാസമാഹാരം, രണ്ടു ചലച്ചിത്ര ഗ്രന്ഥങ്ങള്‍, തിരഞ്ഞെടുത്ത 1001 ഗാനങ്ങളടങ്ങിയ ഹൃദയസരസ്സ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമ കണക്കും കവിതയും എന്ന കൃതിക്ക് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. മികച്ച ഗാനരചനയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം രണ്ടു തവണ ലഭിച്ചു.
സംവിധാനം ചെയ്ത ഗാനം, മോഹിനിയാട്ടം എന്നീ സിനിമകൾക്ക് കലാമൂല്യവും പൊതുജുനപ്രീതിയുമുള്ള ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗൺസിൽ അംഗമായിരുന്നിട്ടുണ്ട്.
മലയാള ചലച്ചിത്ര പരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. ദേശീയ ഫീച്ചർ ഫിലിം ജൂറിയിൽ മൂന്ന് പ്രാവശ്യം അംഗമായിരുന്നു. കേരള സംസ്ഥാന ഫീച്ചര്‍ ഫിലിം ജൂറി ചെയർമാനായിരുന്നു.
സിനിമയ്‍ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ സി ഡാനിയേൽ പുരസ്‍കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. സംഗീത നാടക അക്കാഡമി പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha