മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം; നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ; സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നീക്കം
സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിലാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു.
ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചു . ഇതോടെ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു.മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്, കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിൽവെച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ് അതിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്കയും മുൻകൂർ ജാമ്യം തേടാൻ കാരണമായി. കഴിഞ്ഞ മാസം 27നായിരുന്ന് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തക ഷിദ ജഗത്തിൻ്റെ തോളിൽ മോളെ എന്ന് വിളിച്ചു കൈ വെക്കുകയായിരുന്നു. കൈ തട്ടി മാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വെച്ചു.
സംഭവത്തെ തുടർന്ന് രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ താൻ വാത്സല്യപൂർവ്വമാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയത് എന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർന്ന് നടൻ മാപ്പ് പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ സുരേഷ്ഗോപിയെയും മാധ്യമപ്രവർത്തകയെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha