മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ സമൻസ്... സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ്..
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) സമൻസ് അയച്ചു. കരിമണൽ കമ്പനിയായ സിഎംആർഎലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ് നൽകിയിരിക്കുന്നത്.
നേരത്തേ സിഎംആർഎലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നൽകിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നൽകിയിരിക്കുന്നത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് നൽകേണ്ടതെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.
എസ്എഫ്‌ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ വീണ നൽകിയ റിട്ട് ഹർജിക്കൊപ്പം ഈ സമൻസ് രേഖയും ഹാജരാക്കിയിട്ടുണ്ട്. ജനുവരി 31ലെ അന്വേഷണ ഉത്തരവു തന്നെ റദ്ദാക്കണമെന്നും വീണയുടെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കാൻ ആധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തി തങ്ങൾക്കു കൈമാറണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
സാങ്കേതികപ്പിഴവുകൾ തിരുത്തി ഇന്നലെ വീണ്ടും സമർപ്പിച്ച ഹർജി തിങ്കളാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ച് പരിഗണിക്കും. അതേസമയം മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണത്തിന് എതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്ു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട കേസിൽ, എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് എക്സാലോജിക്ക് ഹർജി നൽകിയത്.
എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് തന്നെ റദ്ദാകണമെന്നാണ് എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെടുന്നു. അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കർണാടക ഹൈക്കോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണിയാണ് റിട്ട് ഹർജി ഫയൽ ചെയ്തത്.കെ എസ് ഐ ഡി സിയിലെ പരിശോധനയിൽ എസ് എഫ് ഐ ഒ 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് രേഖകളും ആവശ്യമായ ഡിജിറ്റൽ രേഖകളുടെ പകർപ്പും ശേഖരിച്ചു.
വേണ്ട രേഖകളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ കെ എസ് ഐ ഡി സിയെ അറിയിച്ചിരുന്നു. എസ് എഫ് ഐ ഒ ആവശ്യപെട്ട എല്ലാ രേഖകളും നൽകിയെന്ന് കെ എസ് ഐ ഡി സി അറിയിച്ചു. ബുധനാഴ്ചയാണ് എസ് എഫ് ഐ ഒ സംഘം കെ എസ് ഐ ഡി സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ് എഫ് ഐ.ഒക്ക് നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha