കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി തമിഴ് മക്കള്‍
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള തമിഴ്ജനതയെയും കണ്ണീരിലാഴ്ത്തി. പൂക്കളര്‍പ്പിച്ചും ജയലളിതയുടെ ചിത്രം സ്ഥാപിച്ചുമാണ് പലരും കണ്ണീര്‍വാര്‍ത്തത്. മരണമറിഞ്ഞ് പ്രിയനേതാവിനെ ഒരുനോക്കുകൂടി കാണാന്‍ ചെന്നൈയിലേക്ക് തിരിച്ചവരും ധാരാളം. തമിഴ്കുടുംബങ്ങളെല്ലാവരും തിങ്കളാഴ്ച മുതല്‍ ടിവിക്ക് മുന്നിലായിരുന്നു. ആശങ്കയോടെ തമിഴ്‌നാട്ടിലുള്ള ബന്ധുക്കളെ ഫോണില്‍വിളിച്ച് സ്ഥിരീകരണത്തിന് ശ്രമിച്ചു. രാത്രി വൈകി ജയലളിതയുടെ മരണം സ്ഥിരീകരിച്ചതോടെ പലരും അലമുറയിട്ടു. ടിവിയില്‍ നിന്ന് കണ്ണെടുക്കാതെ നേരം വെളുപ്പിച്ചവര്‍ ചൊവ്വാഴ്ച പകലും അതേ ഇരിപ്പുതുടര്‍ന്നു.
സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനാഗ്രഹിച്ചവര്‍ക്ക് വളരെ പെട്ടെന്ന് ചെന്നൈയിലെത്താനുള്ള യാത്രാബുദ്ധിമുട്ടായിരുന്നു തടസ്സമായത്. കോട്ടയത്ത് പലയിടങ്ങളിലായി അയ്യായിരത്തിലേറെ തമിഴ്കുടുംബങ്ങളാണ് അധിവസിക്കുന്നത്. നല്ലൊരുപങ്കിനും ഇവിടെ വോട്ടവകാശവുമുണ്ട്. തൊഴിലിനായി വന്നുപോകുന്നവരും നിശ്ചിതകാലത്തേക്ക് തങ്ങാറുണ്ട്. നിരവധിപേര്‍ കോട്ടയം നഗരത്തിലെ ശുചീകരണജോലിയുമായി ബന്ധപ്പെട്ട് നഗരപ്രാന്തങ്ങളില്‍ താമസമാക്കിയവരാണ്. കാരാപ്പുഴ, തിരുവാതുക്കല്‍, പുത്തനങ്ങാടി, കൊശമറ്റം, മുള്ളന്‍കുഴി, റെയില്‍വേകോളനി, അയ്മനം, പുല്ലരിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ഏറെപ്പേരും കഴിയുന്നത്. തമിഴ്‌നാട്ടില്‍ ജീവിതച്ചെലവ് കുറവായതിനാല്‍ മടങ്ങിപ്പോയവരും ധാരാളമാണ്. ജയലളിതയുടെ വേര്‍പാടില്‍ അനുശോചിച്ച് ചൊവ്വാഴ്ച തമിഴര്‍ നല്‍വാഴ്വ് സംഘത്തിന്റെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ മൌനജാഥയും യോഗവും നടത്തി. ചില്‍ഡ്രന്‍സ് ലൈബ്രറി പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി വി എന്‍ വാസവന്‍, പി ജെ വര്‍ഗീസ്, സി എന്‍ സത്യനേശന്‍, ജോണ്‍ വി ജോസഫ്, ഫിലിപ്പ് ജോസഫ്, എന്‍ എസ് ഹരിശ്ചന്ദ്രന്‍, സി എസ് സുഭാഷ്, ടി എം ജോസഫ്, എന്‍ എം മൈക്കിള്‍, വി കെ അനില്‍കുമാര്‍, എസ് ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തമിഴര്‍ നല്‍വാഴ്വ് സംഘം പ്രസിഡന്റ് പുരുഷോത്തമന്‍ അധ്യക്ഷനായി. അഡ്വൈസര്‍ ഇ പോള്‍രാജ് സ്വാഗതവും കോഓര്‍ഡിനേറ്റര്‍ വി പി ശിവന്‍ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha