ആരുമറിയാത്ത കടന്നുപോയ ഛിന്നഗ്രഹം ഭൂമിയെ സ്പര്‍ശിച്ചിരുന്നെങ്കില്‍... ഒഴിഞ്ഞുപോയത് വൻ ദുരന്തം; പക്ഷെ വരാനിരിക്കുന്നത്
ആരുമറിയാതെ നവംബര്‍ ഒമ്പതാം തീയതി രാത്രി 9.50ന് ഭൂമിയെ കടന്ന് പോയത് ഛിന്നഗ്രഹം. ഇതിനു ശേഷമാണ് നാസ ഇക്കാര്യം അറിയുന്നത്. ഒടുവിൽ ഹവായിലെ മോണ ലോ നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് നവംബര്‍ 10ന് സമയം രാത്രി 11. 24ന് ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞു. ഏകദേശം നാല്പത് ആനകളുടെ വലുപ്പമുണ്ടായിരുന്നു ഈ ഛിന്നഗ്രത്തിന്. 2017 വിഎല്‍2 എന്നാണ് ഇതിന്റെ പേര്. സെക്കൻഡില്‍ 9 കിലോമീറ്റര്‍ വേഗത്തിലാണ് അതു ഭൂമിയെ കടന്നുപോയത്. ഭൂമിയില്‍ നിന്നും 73,000 മൈല്‍ അകലത്തിലായിരുന്നു ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ഭൂമിയും ചന്ദ്രനും തമ്മിലുളള ദൂരത്തിന്റെ മൂന്നിലൊന്ന്.
അതു ഭൂമിയെ സ്പര്‍ശിച്ചിരുന്നെങ്കില്‍ ഭൂമിയുമായി കൂട്ടിയിടിക്കുന്ന ഭാഗത്ത് ആറു കിലോമീറ്ററോളം പൂര്‍ണ്ണമായി തകരുകയും ന്യൂയോര്‍ക്ക് സിറ്റിയുടെ വലുപ്പത്തിലുളള നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്‌തേനെ. ഏതാണ്ട് 52 മുതല്‍ 105 അടി വ്യാസം വരുന്ന ഛിന്നഗ്രഹമാണ് 2017 വിഎല്‍2. ഇത് ഛിന്നഗ്രഹങ്ങളുടെ ഗ്രൂപ്പായ അപോളോയില്‍ പെട്ടതാണ്. ഭൂമിയ്ക്ക് സമീപത്തുളള ഛിന്നഗ്രഹങ്ങളുടെ കൂട്ടമാണ് അപ്പോളോ. 1930ല്‍ ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞനായ കാള്‍ റെയ്ന്‍മത്താണ് ഇത് കണ്ടെത്തിയത്. 8000ത്തോളം ഛിന്നഗ്രഹങ്ങളാണ് അപോളോ ഗ്രൂപ്പിലുളളതെന്നാണ് കരുതുന്നത്. ഇതില്‍ 1500ഓളം ഛിന്നഗ്രഹങ്ങള്‍ വലുപ്പമേറിയവയാണ്. അത് ഭൂമിയ്ക്ക് അടുത്തെത്തിയാല്‍ അപകടമുണ്ടാവാന്‍ സാധ്യത ഏറെയാണ്. അതേസമയം 2017 വിഎല്‍2 ഛിന്നഗ്രഹം 2125 വരെ ഇനി ഭൂമിയെ കടന്നുപോവില്ലെന്നാണ് നാസ പറയുന്നത്.
ഭൂമിയ്ക്ക് സമീപത്തെത്തുന്ന എല്ലാ ഛിന്നഗ്രഹങ്ങളെയും നാസ നിരീക്ഷിക്കുന്നുണ്ട്. 100 മീറ്ററിലേറെ വ്യാസവും 4.6 മില്ല്യണ്‍ മൈലിനുള്ളില്‍ കൂടി കടന്നുപോവുകയും ചെയ്യുന്ന എല്ലാ ഛിന്നഗ്രഹങ്ങളെയും അപകടകരമായ ഛിന്നഗ്രഹങ്ങളായാണ് തിരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ കടന്നുപോയ 2017 വിഎല്‍2 എന്ന ഛിന്നഗ്രഹം ഈ വര്‍ഷത്തില്‍ ചാന്ദ്രദൂരത്തില്‍ കടന്നുപോയ നാൽപത്തിയെട്ടാമത്തെ ഛിന്നഗ്രഹമാണ്.
അതേസമയം, 3200 ഫാത്തോണ്‍ എന്ന് പേരിട്ടിരിക്കുന്ന വലിയ ഛിന്നഗ്രഹം ഡിസംബര്‍ 16ന് ഭൂമിയെ കടന്നുപോകും. ഭൂമിയ്ക്ക് 5 മില്യണ്‍ മൈൽ ദൂരത്തുകൂടിയാണ് ഇത് കടന്നുപോവുക. 1974 ഡിസംബര്‍ 16 ന് ശേഷം ഭൂമിയ്ക്ക് ഏറ്റവും അടുത്തുകൂടെ പോകുന്ന ഛിന്നഗ്രഹമായിരിക്കും ഫാത്തോണ്‍.
അഞ്ച് കിലോമീറ്റര്‍ വ്യാസം വരുന്ന ഫാത്തോണാണ് ഭൂമിയ്ക്ക് സമീപത്തുകൂടി പോകുന്ന മൂന്നാമത്തെ വലിയ ഛിന്നഗ്രഹം. ഫാത്തോണിനെയും നിരീക്ഷിക്കാനായി നാസ ഒരുങ്ങിക്കഴിഞ്ഞു. അതിന്റെ റഡാര്‍ ചിത്രങ്ങള്‍ പകര്‍ത്താനുളള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബര്‍ 16ന് ശേഷം 2093ലായിരിക്കും ഫാത്തോണ്‍ ഇനി ഭൂമിയെ കടന്നുപോവുക.
https://www.facebook.com/Malayalivartha