അന്തരിച്ച തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള് പുറത്ത്
അന്തരിച്ച തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള് പുറത്ത്. ടി.ടി.വി.ദിനകരന് വിഭാഗമാണ് ദൃശ്യങ്ങള് പുറത്തുവിട്ടത്. ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ടി.ടി.വി.ദിനകരന്.
ജയലളിത ആശുപത്രിയില് കഴിഞ്ഞത് പൂര്ണ ബോധത്തോടെയായിരുന്നു എന്നതിന് തെളിവാണ് പുറത്തുവന്ന ദൃശ്യങ്ങള്. ആര്കെ നഗര് തെരഞ്ഞെടുപ്പിന് തലേന്നാണ് രാഷ്ട്രീയ നീക്കം. മുന് എംഎല്എ വെട്രിവേലാണ് ദൃശ്യങ്ങള് പുറത്തുവിട്ടത്. ഇപിഎസ്-ഒപിഎസ് പക്ഷം പറയുന്ന കാര്യങ്ങള് തെറ്റെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്ന് പി. വെട്രിവേല് പറഞ്ഞു.
മരിച്ച ശേഷമല്ല ആശുപത്രിയിലെത്തിച്ചതെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുണ്ടായിരുന്നു. ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്പോള് ശ്വാസമെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി വൈസ് ചെയർപേഴ്സണ് പ്രീത റെഡ്ഡിയുടേതായിരുന്നു വെളിപ്പെടുത്തല്.
ഇക്കാര്യം ചികിത്സയിലിരിക്കെ ജയയ്ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് അറിയാമായിരുന്നെന്നും പ്രീത പറഞ്ഞിരുന്നു. ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രീതയുടെ വെളിപ്പെടുത്തൽ. ശ്വാസമെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെങ്കിലും തുടർന്നുള്ള ചികിത്സയിൽ ജയലളിതയുടെ നില മെച്ചപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിനു മുമ്പ് ജയലളിത ആരോഗ്യം ഒരുപരിധിവരെ വീണ്ടെടുത്തിരുന്നതായും പ്രീത പറയുന്നു.
”ജയലളിതയെ രക്ഷിക്കാന് ആശുപത്രിക്ക് ചെയ്യാന് കഴിയാവുന്നതിന്റെ പരാമവധി പ്രവര്ത്തിച്ചു. അതിനായി ഡല്ഹിയിലെ എയിംസില് നിന്നും വിദേശത്ത് നിന്നുമെല്ലാം ഡോക്ടര്മാരെ വരുത്തിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു. അതിനെ തടുക്കാന് ആര്ക്കും കഴിയില്ലല്ലോ”, പ്രീത കൂട്ടിച്ചേര്ത്തു. ആശുപത്രിയില് ആരൊക്കെയാണ് ജയലളിതയ്ക്കൊപ്പം നിന്നിരുന്നത് എന്ന ചോദ്യത്തിന് പ്രീതയുടെ മറുപടി ഇങ്ങനെ:
”ആരെയൊക്കെയാണ് അവിടെ ആവശ്യമുണ്ടായിരുന്നത് അവരും, പിന്നെ ജയലളിത അനുവദിച്ചവരുമാണ് അവര്ക്കൊപ്പം കൂടെയുണ്ടായിരുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്മാരും നഴ്സുമാരും ഉണ്ടായിരുന്നു”. ജയലളിത അവരുടെ വിരലടയാളം എടുത്ത കാര്യം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ”ആ ചോദ്യത്തിന് എനിക്ക് മറുപടി പറയാന് സാധിക്കില്ല, കാരണം അവരുടെ അടുത്ത് ഞാന് ഉണ്ടായിരുന്നില്ല” എന്നായിരുന്നു പ്രീത പറഞ്ഞത്.
ജയലളിത ആശുപത്രിയിലായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പില് അണ്ണാഡിഎംകെ സ്ഥാനാര്ഥിയുടെ നാമനിര്ദേശ പത്രികയില് അവരുടെ വിരലടയാളം പതിപ്പിച്ചതായി ആരോപണം ഉയര്ന്നിരുന്നു. 75 ദിവസം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് മുൻ മുഖ്യമന്ത്രി മരിച്ചത്. സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷന് ജയലളിതയുടെ മരണത്തിലെ അവ്യക്തതകൾ നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ചികിത്സയാണ് അവർക്കു ലഭിച്ചതെന്നും പ്രീത പിടിഐക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha