പെണ്‍കുട്ടികളെ പ്രണയം നടിച്ച് കബളിപ്പിക്കുന്ന നേമം, പാലക്കാട് സ്വദേശികളാണ് പിടിയിലായത്, സംസ്ഥാനത്തുടനീളം നിരവധി പെണ്‍കുട്ടികളെ ഇവര്‍ തേച്ചു
മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടികളോട് പ്രണയം നടിച്ച് അടുത്ത ശേഷം തേച്ചിട്ട് മുങ്ങുന്ന രണ്ട് ന്യൂജെന്‍ കാമുകന്‍മാര്‍ പിടിയില്‍. കാരക്കാമണ്ഡപം നേമം പൊന്നുമംഗലം വാറുവിളാകത്തുവീട്ടില്‍ ജഹാംഗീര്‍ മകന്‍ അര്‍ഷാദ് (24) , പാലക്കാട് ആമയൂര്‍ പടപറമ്പില്‍ വീട്ടില്‍ സെയ്തലവി മകന്‍ പൊട്ടക്കാള എന്നുവിളിക്കുന്ന സുബൈര്‍ (25) എന്നിവരെയാണ് തിരുവനന്തപുരം നേമം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തും പാലക്കാടും നിരവധി കേസുകളില്‍ പ്രതികളായ ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിലെ പെണ്‍കുട്ടികളുമായി മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം രണ്ട് പേരും കബളിപ്പിക്കുകയായിരുന്നു. പലരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ വിവരം പുറംലോകം അറിഞ്ഞിരുന്നില്ല. നേമത്തുള്ള ഒരു കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് തേപ്പന്‍മര്‍ വലയിലായത്. അറസ്റ്റിലായ ശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവര്‍ക്കെതിരെ പരാതികള്‍ വരുന്നുണ്ട്. നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.എസ്.സജി, എസ്.വിമല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, സന്തോഷ് പി.എസ്. എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കണ്ടാല്‍ മാന്യന്‍മാരും സുന്ദരന്‍മാരുമാണ് രണ്ട് പ്രതികളും. ആകര്‍ഷകമായ സംഭാഷണങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ പെണ്‍കുട്ടികളെ വലയിലാക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി പൊലീസ് പറയുന്നു. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെയും മാതാപിതാക്കള്‍ ജോലിസ്ഥലത്തുള്ള കുട്ടികളെയും മറ്റുമാണ് ഇവര്‍ വീഴ്ത്തിയിരുന്നത്. പലരില്‍ നിന്നും പണവും മറ്റും വാങ്ങിയിരുന്നതായി അറിയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ കാര്യങ്ങള്‍ക്ക് വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha