അന്തരിച്ച രാജിയുടെയും സമീപത്തെ നാല് വീട്ടുകാരുടെയും വീട്ടിലേക്കെത്താന്‍ വഴിയില്ല; ഇക്കാര്യം കാണിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയില്ല
വൃക്കകള്‍ തകരാറിലായി മരിച്ച യുവതിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വഴിയില്ലാത്തതിനാല്‍ അടുത്തുള്ള വീടുകളുടെ പിന്നാമ്പുറം വഴി വീട്ടിലെത്തിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി രാജിയുടെ മൃതദേഹമാണ് ഇങ്ങിനെ എത്തിച്ചത്. രണ്ട് വര്‍ഷക്കാലത്തോളം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നെഫ്രോളജിസ്റ്റ് ഡോ. ഗോമതിയുടെ ചികില്‍സയിലായിരുന്നു രാജി. രണ്ട് വൃക്കകളും മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. രാജിക്ക് അച്ഛനും സഹോദരങ്ങളുമില്ല. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ രാജി്ക്ക് ചികിത്സാ ചെലവുകള്‍ താങ്ങാനാവുമായിരുന്നില്ല. അമ്മ വൃക്ക കൊടുക്കാന്‍ തയ്യാറായിരുന്നു. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് പണം പിരിച്ചു നല്‍കാന്‍ തീരുമാനിക്കുന്നതിനിടെയാണ് രാജിയെ മരണം കീഴടക്കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹവുമായി കഴിഞ്ഞ ദിവസം രാത്രി ഏകദേശം എട്ട് മണിയോടെയാണ് മറ്റ് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുന്നത്. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ രാജിയുടെ മൃതദേഹം സമീപത്തെ മൂന്ന് വീടുകളിലെ അടുക്കളയിലൂടെയും മറ്റൊരു പുരയിടത്തിന്റെ അരികിലൂടെയുമാണ് വീട്ടില്‍ എത്തിക്കേണ്ടി വന്നത്. ചികില്‍സയ്ക്കായി ആശുപത്രിയില്‍ പോകുമ്പോഴും ഇതേ അടുക്കള വഴികളിലൂടെ തന്നെയായിരുന്നു രാജിയുടെ യാത്ര. ഇവിടെ താമസിക്കുന്ന മറ്റ് നാല് വീട്ടുകാര്‍ക്കും സഞ്ചരിക്കാന്‍ വഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ നാല് വീടുകളുടേയും സമീപത്തായി കായലുണ്ട്. കായലിനെ ബന്ധപ്പെടുത്തിയിരിക്കുന്ന ഓടയില്‍ മേല്‍മൂടി ഇട്ടാല്‍ല്‍ നാല് വീട്ടുകാരുടേയും യാത്രാക്ലേശം പരിഹരിക്കാവുന്നതാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ കൊല്ലം ജില്ലാ കളക്ടര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കന്മാര്‍ക്കും രാജിയുടേതുള്‍പ്പടെയുള്ള കുടുംബം നിരവധി പരാതികള്‍ നല്‍കിയിരുന്നു. പരാതികള്‍ക്ക് പരിഹാരം കാണാനോ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നിറവേറ്റാനോ ആരും തയ്യാറായില്ല. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നു പോകുന്ന മാഞ്ചിയുടെ ചിത്രം ഉത്തരേന്ത്യന്‍ കാഴ്ചകളാകുമ്പോള്‍ നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' അതില്‍ നിന്നും വ്യത്യസ്ഥമല്ലാത്ത ഒരു കാഴ്ച സമ്മാനിക്കുകയാണ് രാജിയുടെ അന്ത്യയാത്ര.
https://www.facebook.com/Malayalivartha