ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിനെതിരെ രംഗത്തെത്തിയ ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ ബി.ജെ.പി മാധ്യമവിഭാഗം തലവന്‍ രംഗത്ത്; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ഡി.ജി.പി
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുട്ടികളുടെ കുത്തിയോട്ട വ്രതത്തിനെതിരെ ഡി.ജി.പി ശ്രീലേഖ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജ്ജീവമായി. ശ്രീലേഖയെ അനുകൂലിച്ച് ഭൂരിപക്ഷം പേരും എതിര്‍ത്ത് ബി.ജെ.പിയും സംഘപരിവാര്‍ അനുഭാവികളും രംഗത്തെത്തി. ഐ.പി.എസ് കിട്ടുന്നതിന് മൂന്ന് തവണ പൊങ്കാലയിട്ടെന്ന അവകാശത്തോടെയാണ് ശ്രീലേഖയുടെ ബ്‌ളോഗ് തുടങ്ങുന്നത്. എന്നാല്‍ കുത്തിയോട്ടത്തില്‍ കുട്ടികളുടെ അവകാശലംഘനം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ ഇത്തവണ പൊങ്കാലയിടുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. വര്‍ഷങ്ങളായി തുടരുന്ന ആചാരത്തിനായി കുട്ടികളുടെ രക്തം പൊടിയാന്‍ പാടില്ലെന്നും അവര്‍ പറയുന്നു. ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ ചടങ്ങാണ് കുത്തിയോട്ടമെന്നും ക്ഷേത്ര ആചാരത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും വിവാദം വേണ്ടെന്നും ശ്രീലേഖ അറിയിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തമ ബോധ്യം ഒരു പൊലീസ് ഉദ്യോഗസ്ഥക്ക് എങ്കിലും തോന്നിയതുകൊണ്ടാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടത്തിന്റെ പേരില്‍ കുട്ടികള്‍ക്കുനേരെ നടക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് എതിരെ പ്രതികരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകനായ പ്രജോദ് കടയ്ക്ക്ല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. വിശ്വാസം മറയാക്കി ഡിജിപി ആര്‍.ശ്രീലേഖയെ വിരട്ടാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍.ശ്രീലേഖ ഐപിഎസിന് ശക്തമായ പിന്തുണ. കുത്തിയോട്ടത്തിന്റെ ഭാഗമായ ശൂലം കുത്തല്‍ എന്തൊരു വേദനയാണെന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ. മൂര്‍ച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോള്‍ സ്വര്‍ഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്. ആറ്റുകാലില്‍ മാത്രമല്ല, എന്റെ നാട്ടിലെ ക്ഷേത്രത്തിലും ഈ ആചാരമുണ്ട്. ആ വേദന ഇപ്പോഴും നടുക്കമായി നിലവിലുണ്ട്. ഏഴാംക്ലാസ്സ് കഴിഞ്ഞപ്പോള്‍ ബോധപൂര്‍വം ആ പരിപാടി പേടിച്ച് കുത്തിയോട്ടത്തിന് വ്രതം നില്‍ക്കേണ്ട എന്നു തീരുമാനിച്ചത് ഇപ്പോഴും ഓര്‍മയുണ്ടെന്നും പ്രജോദ് പറയുന്നു.
അടിയുറച്ച വിശ്വാസി ആണ് ഞാന്‍. പക്ഷെ, എന്റെ 7 വയസ്സുള്ള മകനെ കുത്തിയോട്ടത്തിനു വിടുന്ന കാര്യം ഓര്‍ക്കാന്‍ പോലും കഴിയില്ല. മതത്തിനുള്ളിലെ നവീകരണത്തിന് വിശ്വാസികള്‍ മുന്‍കൈ എടുക്കണം എന്നാണ് എന്റെ മതം. ഡോക്ടര്‍ മുരളീധരനും ആര്‍ ശ്രീലേഖയും ലക്ഷ്മി രാജീവും ഒക്കെ നല്ല വിശ്വാസികളാണ്. അവരുടെ വാക്കുകള്‍ ഈ ആചാരത്തെ പ്രതീകാത്മകമായ ഒന്നായി നവീകരിക്കാന്‍ ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ശ്രീജന്‍ ബാലകൃഷ്ണന്‍ പറയുന്നു.
കുത്തിയോട്ട വഴിപാടില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന പീഡനം ജനശ്രദ്ധയില്‍ കൊണ്ടുവന്ന താങ്കളെ ആദ്യമേ തന്നെ അഭിനന്ദനം അറിയിക്കുന്നു എന്നാണ് ബി.ജെ.പിയുടെ സംസ്ഥാന മീഡിയാ കോര്‍ഡിനേറ്റര്‍, സന്ദീപ്. ആര്‍ വാചസ്പതി പറയുന്നത്. താങ്കളുടെ സാമൂഹ്യ പ്രതിബദ്ധതയോര്‍ത്ത് അഭിമാനം കൊള്ളുന്നു. 13 വയസ്സുപോലുമെത്താത്ത കുട്ടികളെ അഞ്ച് ദിവസം വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുക, മൂന്നു നേരം തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുക, വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതിരിക്കുക, ചെരിപ്പിടാതെ നടത്തുക, ഒറ്റമുണ്ട് മാത്രം ഉടുക്കാന്‍ അനുവദിക്കുക, മാതാപിതാക്കളെ കാണാന്‍ അനുവദിക്കാതിരിക്കുക, ക്യൂവില്‍ നിര്‍ത്തുക, എന്നീ പീഡന പര്‍വ്വം താണ്ടിയെത്തുന്ന കുട്ടിയെ അവസാന ദിവസം തൊലിയ്ക്കിടയിലൂടെ വെള്ളി/സ്വര്‍ണ്ണ നൂല്‍ കടത്തുകയും ചെയ്യുന്നത് അതിക്രൂരമാണ്. കുട്ടികള്‍ അനുഭവിക്കുന്ന ഈ ക്രൂര പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും സന്ദീപ് പരിഹസിക്കുന്നു.
പക്ഷേ പിഞ്ചു കുട്ടികളോട് പോലും മത വിവേചനം കാണിക്കുക എന്നത് താങ്കളേപ്പോലെ ഉന്നതമായ നീതി ബോധം പുലര്‍ത്തുന്ന ഒരു മതേതരവാദിക്ക് ചേര്‍ന്നതല്ലെന്ന് വിനയപുരസ്സരം അറിയിക്കട്ടെ. ഹിന്ദുക്കുട്ടികള്‍ മാത്രം പീഡനത്തില്‍ നിന്ന് മോചിതരായാല്‍ മതിയെന്ന ചിന്ത എത്രമാത്രം വൃത്തികെട്ടതും ദുഷിച്ചതുമാണെന്ന് താങ്കള്‍ ഒന്ന് ചിന്തിക്കണമെന്നും സന്ദീപ് ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha