സി.പി.എമ്മിനോട് കട്ടയ്ക്ക് നിന്ന് പോരാടുന്ന, പിണറായിയുടെ തെറ്റുകളെ പരസ്യമായി തള്ളിപ്പറയുന്ന, ഇടത്‌ഐക്യം ശക്തമാക്കാന്‍ നോക്കുന്ന കാനം വീണ്ടും സി.പി.ഐ സെക്രട്ടറിയാകും
സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് പൂര്‍ത്തിയാകുമ്പോള്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ കസേരയുടെ അടിത്തറ കൂടുതല്‍ ശക്തമാകും. പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും നേതാക്കള്‍ക്കും സര്‍വ്വസമ്മതനായി കാനം നിറഞ്ഞ് നില്‍ക്കുകയാണ്. അതേസമയം പാര്‍ട്ടിയിലെ ചില മന്ത്രിമാരുടെ കസേരകള്‍ തെറിക്കുമെന്ന വ്യക്തമായ സൂചനകള്‍ ജില്ലാ സമ്മേളനങ്ങള്‍ നല്‍കുന്നുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരിത്തുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ സി.ദിവാകരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ദിവാകരനെ മന്ത്രിസഭയിലെത്തിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്.
ഇരട്ടച്ചങ്കനെ നേരിടാന്‍ പഞ്ചില്ലാത്ത മന്ത്രിമാര്‍
ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയനോട് കട്ടയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ളവരല്ല പാര്‍ട്ടി മന്ത്രിമാരായ വി.എസ് സുനില്‍കുമാറും ഇ. ചന്ദ്രശേഖരനും കെ.രാജുവും പി.തിലോത്തമനും എന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. ചര്‍ച്ചകളിലും പ്രസംഗങ്ങളിലും വി.എസ് സുനില്‍കുമാര്‍ കാണിക്കുന്ന ആവേശം പ്രവര്‍ത്തിയിലില്ല. മന്ത്രിസഭായോഗങ്ങളിലടക്കം മുഖ്യമന്ത്രിയുടെ ഏകാധിപത്യനിലപാടുകളെ എതിര്‍ക്കാന്‍ നാല് പേര്‍ക്കും കഴിയുന്നില്ല. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ തീരദേശത്തെത്തി ഫലപ്രദമായി ഇടപെടേണ്ടതിന് പകരം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് സെക്രട്ടറിയേറ്റില്‍ കഴിയുകയായിരുന്നെന്നും ഇത് വലിയ വഴ്ചയായിരുന്നെന്നും തിരുവനന്തപുരം സമ്മേളനം ചൂണ്ടിക്കാട്ടിയിരുന്നു. വനംമന്ത്രി കെ.രാജു, ഭക്ഷവകുപ്പ് മന്ത്രി തിലോത്തമന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടെന്ന പ്രതീതി പോലും ഉയര്‍ത്തുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.
അവസരം കാത്ത് ഗോള്‍ വല ചലിപ്പിക്കാന്‍ ദിവാകരന്‍
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന സി. ദിവാകരന്‍ ഏറ്റവും ശക്തനായ മന്ത്രിയായിരുന്നു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമവുമായിരുന്നു. ഇത്തവണ അധികാരം കിട്ടിയപ്പോള്‍ ഗ്രൂപ്പ് പോരിന്റെ ഭാഗമായി കാനം ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും വെട്ടിനിരത്തുകയായിരുന്നു. പുതിയ ആളുകള്‍ വരട്ടെ എന്നായിരുന്നു കാനത്തിന്റെ വാദം. അനുഭവപരിചയമില്ലാത്ത നാല് മന്ത്രിമാര്‍ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നില്ല. മൂന്നാര്‍, ലാകോളജ് വിഷയങ്ങളില്‍ കാനം ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉറച്ചനിലപാട് സ്വീകരിച്ചത്. പക്ഷെ, അത് നിലനിര്‍ത്താനായില്ല.
നിലപാടുകള്‍ കാനത്തെ താരമാക്കുന്നു
പാര്‍ട്ടി സ്വീകരിക്കുന്ന ശക്തമായ നിലപാടുകളാണ് കാനത്തെ സര്ഡവസമ്മതനാക്കുന്നത്. മുന്നണിയിലെ തലതൊട്ടപ്പന്‍മാരായ സി.പി.എമ്മിനെ പോലും പ്രതിരോധത്തിലാക്കാന്‍ കാനത്തിന്റെ തീരുമാനങ്ങള്‍ക്കാകുന്നു. കായല്‍കയ്യേറിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ട് നില്‍ക്കണമെന്ന കാനത്തിന്റെ തീരുമാനം പൊതുസമൂഹത്തിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. കെ.എം മാണിയെ ഇടത് മുന്നണിയില്‍ എടുക്കണ്ടെന്ന ശക്തമായ നിലപാട് പരസ്യമായി സ്വീകരിക്കുകയും സി.പി.എം സമ്മേളനവേദിയില്‍ പോയി അത് പറയുകയും ചെയ്ത കാനത്തെ അണികളും പ്രവര്‍ത്തകരും വാനോളമാണ് പുകഴ്ത്തുന്നത്. അതേസമയം സി.പി.ഐയെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ എടുക്കാന്‍ സി.പി.എം തീരുമാനിച്ചാല്‍ യു.ഡി.എഫിലേക്ക് ചാടാനും കാനം മടിക്കില്ല. അതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്ന് കഴിഞ്ഞു.
https://www.facebook.com/Malayalivartha