ലൈംഗികപീഡനത്തിനും ലൈംഗിക സംതൃപ്തിക്ക് അഴിമതിനിരോധന നിയമപ്രകാരവും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി സോളാറില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു, അഞ്ചരമാസം കഴിഞ്ഞ് അന്വേഷണത്തലവന്‍ തൊപ്പിയൂരുമ്പോഴും ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ കരിവാരിതേക്കാനാണ് സോളാര്‍ കേസിന്റെ രണ്ടാംഘട്ട അന്വേഷണം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നു. സോളാറിന്റെ തുടരന്വേഷണത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ, അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ ഡി.ജി.പി രാജേഷ് ദിവാന്‍ ഇന്ന് വിരമിക്കുന്നു. ഇതോടെ അന്വേഷണം അവസാനിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സരിതയുടെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് കേസ് എടുക്കാന്‍ തനിക്ക് പറ്റില്ലെന്ന് രാജേഷ് ദിവാന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പിണറായി മുഖ്യമന്ത്രിയായപ്പോഴാണ് സര്‍ക്കാരിന് നല്‍കിയത്. ടേംസ് ഓഫ് റഫറന്‍സിന് വെളിയിലുള്ള കാര്യങ്ങളാണ് കമ്മിഷന്‍ അന്വേഷിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വിവരാവകാശനിയമപ്രകാരം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കാതിരുന്ന സര്‍ക്കാര്‍ അത് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. അതിന് മുമ്പ് റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് യു.ഡി.എഫ് നേതാക്കളെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അധിഷേപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമായെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളിലടക്കം പൊതുചര്‍ച്ച നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ലൈംഗികമായി തന്നെ ഉപയോഗിച്ചെന്നായിരുന്നു സരിത നായര്‍ കമ്മിഷന് നല്‍കിയ കത്തില്‍ ആരോപിച്ചിരുന്നത്. കത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാനഭംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ലൈംഗിക സംതൃപ്തി നേടിയത് അഴിമതി നിരോധനനിയമപ്രകാരവും കേസെടുക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ നിയമോപദേശം തേടി. സുപ്രീം കോടതി മുന്‍ജഡ്ജി അരിജിത്ത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചു. നിയമവകുപ്പും ഈ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇതോടെ മുഖ്യമന്ത്രി പെരുമ്പറമുഴക്കി നടത്തിയ അന്വേഷണം വെള്ളത്തിലായി.
മുന്‍കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ തന്നെ ബലാല്‍സംഗം ചെയ്ത ശേഷം അഞ്ച് ദിവസം കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ആയില്ലെന്നാണ് സരിതയുടെ കത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ കെ.സി വേണുഗോപാല്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പ്രതിപട്ടികയില്‍ പറഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍ എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറായില്ല. സരിത പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ജസ്റ്റിസ് കെമാല്‍പാഷ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. അത് പറഞ്ഞാണ് യു.ഡി.എഫ് നേതാക്കള്‍ സരിതയുടെ ആരോപണങ്ങളെ ചെറുത്തത്.
ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ റിപ്പോര്‍ട്ട് 2017 ഒക്ടോബര്‍ 11ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സര്‍ക്കാര്‍ പബഌക് ഡോക്യുമെന്റാക്കിയത്. കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഐജി ദിനേന്ദ്ര കശ്യപ് അടക്കം ഒരു സംഘം ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചെങ്കിലും അത് ചാപിള്ളയായ അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha