പൃഥ്വിരാജ്, നിവിന്‍പോളി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരൊന്നും അമ്മയുടെ താരനിശയില്‍ പങ്കെടുത്തില്ല, സ്റ്റേജ്‌ഷോ സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശവും കാറ്റില്‍ പറത്തി, അമ്മ പുകയുന്നു....
താരസംഘടനയായ അമ്മയില്‍ എന്തോ പുകയുന്നെന്ന് പലരും പറയുന്നത് വെറുതെയല്ല, കഴിഞ്ഞ ദിവസം അമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ സ്റ്റേജ്‌ഷോയില്‍ യുവതാരങ്ങളില്‍ പലരും പങ്കെടുത്തില്ല. കുറേനാളായി യുവതാരങ്ങള്‍ക്കുണ്ടായിരുന്ന മുറുമുറുപ്പ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് രൂക്ഷമായത്. കാര്യങ്ങള്‍ തങ്ങളുടെ വഴിയിലേക്കവര്‍ നീക്കുകയാണ്. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയാണ് സാധാരണ പതിവ്. എല്ലാ താരങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇക്കുറി അതൊന്നും നടപ്പായില്ല. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, കുഞ്ചാക്കോബോബന്‍ തുടങ്ങിയവര്‍ റിഹേഴ്‌സല്‍ ക്യാമ്പില്‍ പോലും പങ്കെടുത്തില്ല.
പൃഥ്വിരാജ് തന്റെ 9 എന്ന സിനിമയുമായി ബന്ധപ്പെട്ട് ഹിമാലയത്തിലാണ്. കുഞ്ചാക്കോബോബന്‍ റോമിലാണ്. ഇന്ദ്രജിത്ത് കൊച്ചിയിലുണ്ട്. ഫഹദ് ഫാസില്‍ തിരുവനന്തപുരത്ത് ഭാര്യ നസ്രിയയുടെ വീട്ടിലുണ്ടായിരുന്നിട്ടും പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള കാര്യവട്ടത്തേക്ക് പോയില്ല. കുറേ വര്‍ഷങ്ങളായി ദിലീപിന്റെ നേതൃത്വത്തില്‍ നടക്കുന്ന മോശം പ്രവണതകള്‍ യുവതാരങ്ങള്‍ സഹിക്കുകയാണ്. പലര്‍ക്കും ഇതിനെതിരെ ശബ്ദിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു അടുത്തകാലം വരെ. എതിര്‍ക്കുന്നവരെ ഒഴിവാക്കുകയോ, വിലക്കുകയോ ചെയ്യും. അല്ലെങ്കില്‍ അവരുടെ സിനിമകളെ തകര്‍ക്കാന്‍ നോക്കും. ഇതായിരുന്നു രീതി.
യുവതാരങ്ങളില്‍ പലരുടെയും സിനിമകളെ തകര്‍ക്കാന്‍ ദിലീപും സംഘവും കളിച്ചതിനെതിരെ പൃഥ്വിരാജ് അടക്കം പരാതി നല്‍കിയിരുന്നെങ്കിലും അമ്മ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇന്നസെന്റും ഇടവേള ബാബുവും മമ്മൂട്ടിയും അടക്കം അന്ന് ദിലീപിന് ഒപ്പമായിരുന്നു. ദിലീപ് അറസ്റ്റിലായതോടെ പൃഥ്വിരാജ് ശക്തമായ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കിയതോടെ മമ്മൂട്ടിയുമായി ദിലീപ് അകന്നിരിക്കുകയാണ്. മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കരുതെന്ന് കുഞ്ചാക്കോ ബോബനെ അടക്കം ദിലീപ് പരോക്ഷമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ താരം നടിയെ ആക്രമിച്ച കേസിന്റെ മൊഴിയില്‍ പറഞ്ഞിട്ടുമുണ്ട്.
ഇന്ദ്രജിത്തിനെയും ബിജുമേനോനെയും പല സിനിമകളില്‍ നിന്നും ദിലീപ് ഒഴിവാക്കിയിരുന്നു. ഇക്കാര്യം അവരാരും പരസ്യമായി പറഞ്ഞില്ലെങ്കിലും സംഘടനയിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. അടുത്തമാസം അവസാനം അമ്മയുടെ ജനറല്‍ ബോഡി ചേരുന്നുണ്ട്, അത് കഴിഞ്ഞ്് തെരഞ്ഞെടുപ്പുണ്ടാകും. ദിലീപ് ഇല്ലാത്ത സ്ഥിതിക്ക് ഗണേഷ്‌കുമാര്‍ അടക്കം ഇതിനായി ചരട് വലിക്കുന്നുണ്ട്. യുവതാരങ്ങള്‍ക്ക് നേതൃസ്ഥാനത്തേക്ക് വരണമെന്ന് വലിയ താല്‍പര്യമില്ല. അവരെല്ലാം സ്വന്തം സിനിമകളുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നസെന്റിനും മമ്മൂട്ടിക്കും നേതൃസ്ഥാനത്ത് തുടരാന്‍ ആഗ്രഹവുമില്ല. ആ സ്ഥിതിക്ക് ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha