തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു; അനുജന്‍ ആശുപത്രിയില്‍
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. കാസര്‍കോട് വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഫീദ് ഹുദവി (25)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന് സമീപം ക്ലോക്ക് ടവറിനടുത്താണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മുഫീദിനെയും സഹോദരന്‍ ഇര്‍ഷാദി (23)നെയും നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും നിലഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുഫീദിന് കഴുത്തിലും തലയ്ക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
മത, സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായ മുഫീദ് ഹുദവിയുടെ വിയോഗം നാടിനെ തീരാദുഖത്തിലാക്കി. ബെദിര ഹയാത്തുല്‍ ഹുദ മദ്രസയിലും ബെദിര പി.ടി.എം.എ.യു.പി സ്‌കൂളിലും അധ്യാപകനായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ ജനറല്‍ സെക്രട്ടറിയും അണങ്കൂര്‍ ക്ലസ്റ്റര്‍ കൗണ്‍സില്‍ അംഗവുമാണ്. മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബെദിര മുഹിയദ്ദീന്‍ പള്ളി പരിസരത്ത് ഖബറടക്കും.
https://www.facebook.com/Malayalivartha