കരാറുകാര്‍ക്ക് വേണ്ടി മന്ത്രി ജി.സുധാകരന്റെ കസേര ഇളക്കി പ്രതിഷ്ഠിക്കുന്നു, ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കും സുധാകരന് സ്പീക്കര്‍ കസേരയും അതോടെ അനാവശ്യ ഡയലോഗുകളും അവസാനിക്കും
പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കസേര കരാറുകാര്‍ക്ക് വേണ്ടി പിണറായി വിജയനും സി.പി.എമ്മും ഇളക്കുന്നു. പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ പ്രതിഷ്ഠിക്കാനാണ് നീക്കം. സുധാകരനെ സ്പീക്കര്‍ കസേരയില്‍ കുടിയിരുത്തും. അതോടെ എല്ലാ ശല്യങ്ങളും അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും പ്രിയങ്കരനായ മന്ത്രിയും സഖാവുമാണ് ജി.സുധാകരന്‍. ഇപ്പോഴും അതില്‍ തര്‍ക്കമില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരില്‍ തോമസ് ഐസക്കിനെ നേരിടാനാണ് പിണറായി ജി.സുധാകരനെ ഉപയോഗിച്ചിരുന്നത്. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വി.എസ് ശക്തനായി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും ആലപ്പുഴ ജില്ലയില്‍ പിണറായി പക്ഷത്തിന്റെ തേര് തെളിച്ചത് ജി.സുധാകരനായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ സുധാകരന്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. സമുദായ നേതാക്കന്‍മാരുടെ ആരുടെയും ഇംഗിതത്തിന് വഴങ്ങിയുമില്ല. അവസാനം അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിണറായി സുധാകരനില്‍ നിന്ന് ദേവസ്വം വകുപ്പ് ഏറ്റെടുത്തു.
അന്ന് ജാതിസംഘടനാ നേതാക്കന്‍മാരാണ് ജി.സുധാകരനെതിരെ വാളോങ്ങിയതെങ്കില്‍ ഇത്തവണ അത് ഗവണ്‍മെന്റ് കരാറുകാരും ഉദ്യോഗസ്ഥരും ഏറ്റെടുത്തു. യാതോരുവിധ തട്ടിപ്പിനും അഴിമതിക്കും കൂട്ടുനില്‍ക്കില്ലെന്നും ഇതൊന്നും അനുവദിക്കില്ലെന്നും സുധാകരന്‍ ശക്തമായ നിലപാട് എടുത്തതോടെ കരാറുകാരും ഉദ്യോഗസ്ഥരും കിടുകിടാവിറച്ചു. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദവും ഉണ്ടായിരുന്നു. അടുത്തകാലത്തായി ജി.സുധാകരന് ഇത്തിരി തന്‍പ്രമാണിത്തം കൂടുതലാണെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും വിലയിരുത്തുന്നതെന്ന് അറിയുന്നു. പല കാര്യങ്ങളിലും മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം പലതവണ സുധാകരനെ നേരിട്ടും അല്ലാതെയും അറിയിച്ചിട്ടും അദ്ദേഹത്തിന്റെ കലിയടങ്ങുന്നില്ലെന്നാണ് അറിയുന്നത്.
ഏത് സര്‍ക്കാരിനെയും നിലനിര്‍ത്തുന്നതിലും നിയന്ത്രിക്കുന്നതിലും കരാറുകാര്‍ക്ക് സ്വാധീനമുണ്ട്. കക്ഷിരാഷ്ട്രീയം മറന്ന് കോണ്‍ട്രാക്ടര്‍മാരുടെ സംഘടനയും കോണ്‍ട്രാക്ടര്‍മാരും ഫണ്ട് നല്‍കും. ബാറുകാര്‍ രാഷ്ട്രീയ കക്ഷികളുടെ വലംകൈയ്യാണെങ്കില്‍ കരാറുകാര്‍ ഇടംകയ്യാണ്. രണ്ട് കൂട്ടരെയും പിണക്കി മുന്നോട്ട് പോയാല്‍ മുന്നണി സംവിധാനത്തില്‍ മൂക്കുകുത്തി വീഴും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കരാറുകാര്‍ക്ക് ടെണ്ടര്‍ എക്‌സസ് വ്യാപകമായി നല്‍കിയത് അതിന്റെ ഉത്തമ ഉദാഹരണമാണ്. ജി.സുധാകരന്‍ മന്ത്രിയായതോടെ കരാറിലെയും പണികളിലെയും ത്ട്ടിപ്പുകളും വെട്ടിപ്പുകളും വെട്ടിപ്പൊളിച്ചെടുത്തു. പല ഉദ്യോഗസ്ഥരും കരാറുകാരും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ധനമന്ത്രി തോമസ് ഐസക്കുമായി ജി.സുധാകരനുമായു തുടരുന്ന ശീതസമരം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു.
നിലവില്‍ ഒരു കരാറുകാരന് ടെണ്ടര്‍ കിട്ടിയാല്‍ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി, സാങ്കേതിക അനുമതി, മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം കിട്ടിക്കഴിയുമ്പോഴേക്കും എട്ട് മാസം പിന്നിടും. ഇത് കരാറുകാരനെ സംബന്ധിച്ച് വലിയ തലവേദനയാണ്. എല്ലാ കാര്യങ്ങളിലും ജി.സുധാകരന്‍ കര്‍ശന നിലപാട് സ്വീകരിച്ചതിനാല്‍ ബില്ലുകള്‍ മാറുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്. ഇത് കാലതാമസത്തിന് ഇടയാക്കുന്നു. അതിനാല്‍ പല കരാറുകാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍ സി.പി.എമ്മിനെ കാലാകാലങ്ങളായി സഹായിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ജി.സുധാകരനെ മാറ്റണമെന്ന് കുറേ മാസമായി ആവശ്യപ്പെടുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും കോണ്‍ട്രാക്ടര്‍മാര്‍ സഹായം ഉറപ്പിച്ചിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് മന്ത്രി ജി.സുധാകരനെ ഇളക്കി പ്രതിഷ്ഠിക്കും.
https://www.facebook.com/Malayalivartha