വര്‍ക്കല കാപ്പില്‍ ദേവീക്ഷേത്രഭൂമി കയ്യേറുന്നത് തടയാനെത്തിയ ഭക്തര്‍ക്ക് നേരെ ആദ്യം രഘുനാഥ ശര്‍മ തോക്ക് ചൂണ്ടി, പിന്നീട് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പൊലീസ് ഒന്നും അറിഞ്ഞമട്ടില്ല
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വര്‍ക്കല സബ് ഗ്രൂപ്പില്‍പ്പെട്ട കാപ്പില്‍ ദേവീക്ഷേത്രത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അനധികൃത ഗേറ്റ് സ്ഥാപിക്കുവാന്‍ സ്വകാര്യവ്യക്തി നടത്തിയ നീക്കം തടയാനെത്തിയ ഭക്തര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ തെക്ക് വശത്ത് താമസിക്കുന്ന രഘുനാഥ ശര്‍മ്മയാണ് കയ്യേറ്റം പ്രതിരോധിക്കാനെത്തിയ ഭക്തജനങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതും ആകാശത്തേക്ക് വെടിയുതിര്‍ത്തതും. വിവരം രേഖാമൂലം അറിയിച്ചിട്ടും അയിരൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തുകയോ തുടര്‍നടപടികള്‍ കൈക്കൊള്ളുകയോ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കാപ്പില്‍ ദേവീക്ഷേത്രത്തിന്റെ തെക്ക് വശത്ത് താമസക്കാരനായിരുന്ന പരേതനായ ഭരതന്‍ പോറ്റിയുടെ 63 സെന്റ് പുരയിടം, അദ്ദേഹത്തിന്റെ മരണശേഷം നാല് ഓഹരികളായി വിഭജിച്ചിരുന്നു. ഭരതന്‍ പോറ്റിയുടെ സഹോദരങ്ങളായ രഘുനാഥ ശര്‍മ്മക്കും ഹരിദാസശര്‍മ്മക്കും ഭാഗം ലഭിച്ച വസ്തുവിലേക്ക് ഇരുവരും ചേര്‍ന്ന് ദേവസ്വം മതില്‍ പൊളിച്ച് ക്ഷേത്രവളപ്പിലൂടെ വഴി തുറക്കാന്‍ ഒരുമ്പെട്ടതിനെയാണ് നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്ന് പ്രതിരോധിച്ചത്. ഇതിനിടെയാണ് രഘുനാഥശര്‍മ്മ കൈത്തോക്കെടുത്ത് ചൂണ്ടിയതും ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന് പകരം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന നിരുത്തരവാദിത്തവും നിഷേധാത്മകവുമായ നിലപാടാണ് അയിരൂര്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
കൈത്തോക്കിനെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണവും ഉണ്ടാകുന്നില്ല. സംഭവത്തിന്റെ തലേദിവസം ക്ഷേത്രവളപ്പിലെ യക്ഷിയമ്പലത്തിന് പടിഞ്ഞാറ് വശത്തെ മതില്‍ പൊളിച്ചിരുന്നു. ദേവസ്വം ഓഫീസറുടെ പരാതിയെ തുടര്‍ന്ന് രഘുനാഥശര്‍മ്മയെയും ഹരിദാസശര്‍മ്മയെയും പൊലീസെത്തി സ്റ്റേഷനിലെത്തിച്ച് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ വിലക്ക് മാനിക്കാതെയാണ് ഇരുവരും കയ്യേറ്റശ്രമം ആവര്‍ത്തിക്കുന്നത്. കാവും കുളവും സംരക്ഷിച്ച് ക്ഷേത്രത്തിന് ചുറ്റുമതില്‍ അടിയന്തരമായി നിര്‍മ്മിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ദേവസ്വത്തിന്റെ അധീനതയിലുള്ള ശിവക്ഷേത്രവും ദേവീക്ഷേത്രവും നാള്‍ക്കുനാള്‍ അരക്ഷിതാവസ്ഥിയിലാവുകയാണ്. ഇതുസംബന്ധിച്ച് 2006 മുതല്‍ മാറിവരുന്ന ക്ഷേത്രോപദേശ സമിതിക്കാര്‍ ദേവസ്വം അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും നീതിയുക്തമായ നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.
https://www.facebook.com/Malayalivartha