മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ ഒറ്റുകാരനായിരുന്നയാള്‍ സി.പി.എമ്മില്‍ ചേര്‍ന്നു, കൊലപാതകികള്‍ ആരാണെന്ന് ഇയാള്‍ക്ക് അറിയാമെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒറ്റുകൊടുത്തത് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്ന് ആരോപണം. മട്ടന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി സനോജ് പെരിഞ്ചേരിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു.
ഇതേ തുടര്‍ന്ന് ഇയാള്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ഇതോടെയാണ് ഷുഹൈബ് വധത്തിലെ ഒറ്റുകാരന്‍ സനോജ് ആണെന്നും യഥാര്‍ത്ഥ കൊലപാതകികളെ സനോജിന് അറിയാമെന്നും മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കെ. സുധാകരന്‍ ബ്രിഗേഡ് എന്ന ഫെയിസ്ബുക്ക് ഗ്രൂപ്പിലാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം പങ്കുവയ്ക്കുന്നത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന സനോജ് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇപ്പോള്‍ വീണ്ടും പഴയ ലാവണത്തിലേക്ക് മടങ്ങി.
സി.പി.എമ്മില്‍ ചേരുന്ന വിവരം സനോജ് തന്റെ ഫെയിസ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന സനോജിന് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വലിയ വരവേല്‍പ്പാണ് സോഷ്യല്‍മീഡിയ വഴി നല്‍കുന്നത്. എന്നാല്‍ സി.പി.എമ്മിലേക്ക് എത്ര കൊല്ലത്തെ കോണ്‍ട്രാക്ടിലാണ് പോകുന്നതെന്ന പരിഹാസങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ട്. സനോജിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ദാമോദരന്‍ മാസ്റ്റര്‍ വാട്‌സാപ്പിലൂടെയാണ് പ്രവര്‍ത്തകരെ അറിയിച്ചത്.
മുമ്പ് സി.പി.എമ്മിനെതിരെ ഇട്ട പോസ്റ്റുകള്‍ മായിച്ച് കളയുന്നത് നന്നായിരിക്കുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ സനോജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ വിമ്മിട്ടം ഉണ്ടാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോണ്‍ഗ്രസുകാരനാണെന്ന് അഭിനയിച്ച്, ഒപ്പം നടന്ന് ഷുഹൈബിന്റെ മരണ വാറണ്ടില്‍ പി. ജയരാനെ കൊണ്ട് ഒപ്പുവെപ്പിച്ചത് സനോജ് ആണെന്നും സനോജിനറിയാം യഥാര്‍ത്ഥ കൊലപാതകികളെ എന്നും ത്രിവര്‍ണ സാഗരം എന്ന കോണ്‍ഗ്രസ് ഗ്രൂപ്പില്‍ പറയുന്നു. ഷുഹൈബിനെ കൊല്ലാന്‍ കൂട്ട് നിന്നവനാണെങ്കില്‍ വെറുതെ വിടരുതെന്നും ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha