ഉത്സവത്തിനിടെയുണ്ടായ അടിപിടിക്കേസില്‍ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി രാവിലെ ലോക്കപ്പിലില്ല, ചാടിപ്പോയെന്ന് പൊലീസ്, ലോക്കപ്പില്‍ നിന്ന് എങ്ങനെ ചാടുമെന്ന് ബന്ധുക്കള്‍, പൊലീസുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ പ്രതി ഓടിപ്പോയെന്ന് റൂറല്‍ എസ്.പി
കേരളാ പൊലീസിനിത് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. വരാപ്പുഴ കസ്റ്റഡിമരണം, റിമാന്‍ഡ് പ്രതിയുടെ മരണം, പൊലീസ് അസോസിയേഷന്‍ വിവാദം അതിന് പിന്നാലെ ലോക്കപ്പില്‍ കിടന്ന പ്രതിയെ കാണാനില്ലെന്ന് പരാതി. കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി എറയം കരിക്കാട് മനീഷ് ഭവനില്‍ മനോജിനെ (28) കാണാനില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം പ്രതി സ്‌റ്റേഷനില്‍ നിന്ന് ഓടിപ്പോയതാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഏറം ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മനോജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കിട്ടിയില്ല. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേതുനാഥും വാര്‍ഡ് മെമ്പര്‍ വലിയവിള വേണുവും ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി മനോജുമായി സംസാരിച്ചിരുന്നു.
മനോജ് ലോക്കപ്പിലായിരുന്നെന്നും പ്രാഥമിക ആവശ്യം നിര്‍വഹിക്കുന്നതിന് അടക്കമുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് പറഞ്ഞത്. രാവിലെ ചെന്നപ്പോള്‍ മനോജ് ചാടിപ്പോയെന്നാണ് പറയുന്നത്. ഇത് വിശ്വസിക്കാനാവില്ലെന്ന് സേതുനാഥ് പറഞ്ഞു. ലോക്കപ്പിലുള്ള പ്രതി ചാടിപ്പോയെങ്കില്‍ രാത്രി തന്നെ അന്വേഷണം നടത്തേണ്ടേ, പ്രതിയുടെ വീട്ടുകാരെ അറിയിക്കേണ്ടേ? അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. ഉല്‍സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ മനോജും ഉള്‍പ്പെട്ടിരുന്നു. എന്നാലത് രാഷ്ട്രീയ പ്രശ്‌നമല്ലായിരുന്നു. സാധാരണ ഉല്‍സവങ്ങള്‍ക്കിടെ നടക്കുന്ന സംഘര്‍ഷമായിരുന്നെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
പ്രതിയെ ലോക്കപ്പില്‍ നിന്ന് കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും രാവിലെ മുതല്‍ പൊലീസ് സ്്‌റ്റേഷനില്‍ തടിച്ച് കൂടിയിരിക്കുകയാണ്. അതേസമയം മനോജിനെ കൂട്ടി പൊലീസുകാര്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. അതിനിടെ പ്രതി ഓടിപ്പോയതാണെന്നും കൊല്ലം റൂറല്‍ എസ്.പി മലയാളിവാര്‍ത്തയോട് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. മനോജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്ന് ചില പൊലീസുകാര്‍ പറയുന്നു. വരാപ്പുഴ കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha