പാലിയേറ്റീവ് കെയറിന്റെയും റിഹാബിലിറ്റേഷന്റെയും മറവില്‍ കോടിയേരിയും സജിചെറിയാനും വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; ക്രിമനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ച് വെച്ചെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സി.പി.എം സ്ഥാനാര്‍ത്ഥി സജി ചെറിയാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വെട്ടിലായി. സജി ചെറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചെന്ന് ആരോപിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന എ.കെ ഷാജിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കോടിയേരിക്കതിരേയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.പത്തിടങ്ങളിലായി രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ വസ്തുവകകള്‍ കോടിയേരിയും സജി ചെറിയാനും സംയുക്തമായി വാങ്ങിക്കൂട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്.
സത്യവാങ്മൂലത്തില്‍ പറയാത്ത 16ഓളം വസ്തുക്കള്‍ സജി ചെറിയാന്റെ പേരിലുണ്ട്. അതിന്റെ രേഖകള്‍ പരാതിക്കാരന്‍ വ്യക്തമാക്കുന്നു. പതിനാറ് ഭൂമിയിടപാടുകളില്‍ പത്തിലും കോടിയേരിക്ക് ഷെയറുണ്ട്. ഒന്നേകാല്‍ കോടി വിലമതിക്കുന്നെന്ന് പ്രമാണത്തില്‍ പറയുന്നത് രണ്ടര ഏക്കറോളം വസ്തുക്കള്‍ക്കാണ്. സജി ചെറിയാന്റെ ജന്‍മനാടായ വെണ്‍മണിയിലും അമ്പലപ്പുഴയിലുമാണ് വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. അമ്പലപ്പുഴ വടക്ക് വില്ലേജില്‍ 20 സെന്റും വെണ്‍മണിയില്‍ ഒരു ഏക്കറും അമ്പതിനായിരം രൂപയ്ക്ക് 39 സെന്റും വാങ്ങിയെന്നാണ് ആറോപണം. മറ്റൊരു 28 സെന്റും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് സെന്റ് 2.8ലക്ഷത്തിന് വാങ്ങിയെന്നും ആരോപിക്കുന്നു. പുന്നപ്രയിലും മുളക്കുഴയിലും സജി ചെറിയാന് സ്വത്തുണ്ടെന്നും പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഈ വിവരം സത്യവാങ് മൂലത്തില്‍ നല്‍കാതിരുന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
സി.പി.എം നേതൃത്വത്തില്‍ നടത്തുന്ന കരുണാ പാലിയേറ്റീവ് കെയറിന്റെയും റിഹാബിലിറ്റേഷന്റെയും മറവിലാണ് ഭൂമിയിടപാടുകള്‍ നടത്തിയതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കോടിയേരിയുമായി ചേര്‍ന്ന് വാങ്ങിയ വസ്തുക്കളുടെ ഫോട്ടോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. കരുണ പാലിയേറ്റീവ് കെയറിന്റെ ചെയര്‍മാനാണ് സജി ചെറിയാന്‍. ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിഹാബിലിറ്റേഷനെ കുറിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നില്ല. റിഹാബിലിറ്റേഷനുമായി കോടിയേരിക്ക് ബന്ധവുമില്ല. പിന്നെ എന്തിന് കോടിയേരിയുടേയും സജി ചെറിയാന്റേയും പേരില്‍ വസ്തു വാങ്ങിക്കൂട്ടിയെന്നാണ് പരാതിക്കാരന്‍ ചോദിക്കുന്നത്. അനധികൃതമായി വാങ്ങിക്കൂട്ടിയ ഭൂമിയായതിനാലാണ് സന്നദ്ധ സംഘടനയുടെ മറവില്‍ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. സ്ഥാപനത്തിന്റെ ബൈലോ പ്രകാരം അംഗങ്ങള്‍ക്ക് മൂലധനം ഉണ്ടാവേണ്ടതാണ്. ഇതും ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇല്ലെന്നും പരാതിക്കാരന്‍ പറയുന്നു.
കരുണ പാലിയേറ്റീവിന് വേണ്ടി സി.എസ്.ഐ സഭയുടെ കെട്ടിടം കുറഞ്ഞ വാടകയ്ക്ക് സജി ചെറിയാന്‍ തരപ്പെടുത്തിയതില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എട്ട് മാസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവ് പ്രകാരം സഭയുടെ വസ്തുവകകള്‍ വില്‍ക്കാനോ, വാടകയ്ക്ക് നല്‍കാനോ പാടില്ല. എന്നിട്ടും സഭയിലെ ഉന്നതനും സജി ചെറിയാന്റെ അടുപ്പക്കാരനുമായ ആളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയാണെന്നായിരുന്നു പരാതി. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പരാതി വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരാന്‍ സി.എസ്.ഐ സഭയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം സത്യവാങ് മൂലത്തില്‍ നിന്ന് സജി ചെറിയാന്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ച് വെച്ചെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സി.പി.എമ്മോ, സജി ചെറിയാനോ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു.
https://www.facebook.com/Malayalivartha