ഹര്‍ത്താലിന് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുക, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ആക്രമണത്തിനിരയാകുന്ന ബസുകളുടെ നഷ്ടം നികത്തുക ഇതിനെല്ലാമിടയില്‍ കെ.എസ്.ആര്‍.ടി.സി നട്ടംതിരിയുന്നു
അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതുകൊണ്ട് ഹര്‍ത്താലുകളില്‍നിന്ന് കെ.എസ്ആര്‍ടിസി സര്‍വീസുകളെ ഒഴിവാക്കണമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരി രാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനുപുറമെ ഹര്‍ത്താല്‍ അനുകൂലികള്‍ പലപ്പോഴും കെഎസ്ആര്‍ടിസി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടം കൂടി കോര്‍പറേഷനു സഹിക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികള്‍, പാല്‍വിതരണം, പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആര്‍ടിസിയെയും അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോസിറ്റീവായി പ്രതികരിച്ചതോടെയാണ് തച്ചങ്കരി ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
പ്രാദേശികാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കനത്ത ആഘാതമാണ് കെഎസ്ആര്‍ടിസിക്കുണ്ടാക്കുന്നത്. ജനങ്ങളുടെ സ്ഥാപനമാണെന്നതുകൊണ്ട് അവരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ബാധ്യത ഒരു വശത്ത്, സ്വന്തം സ്വത്തിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യത മറുവശത്ത്. രണ്ടിനുമിടയില്‍ നട്ടം തിരിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക്.
ഈ ദുരിതത്തില്‍നിന്ന് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്‍കൈയെടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ടോമിന്‍ തച്ചങ്കരി അഭ്യര്‍ഥിച്ചു.
ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ ഈ മേഖലയിലുള്ള സംഘടനകള്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു. ഉള്‍നാടുകളിലേയ്ക്ക് സഞ്ചരിക്കാന്‍ വിനോദസഞ്ചാരികള്‍ പലപ്പോഴും കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിനാളുകളാണ് കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും റെയില്‍വെസ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നിരാലംബരായി കഴിയേണ്ടിവരുന്നത്. ഒരു മണിക്കൂറിലേയ്ക്ക് നടത്തുന്ന പ്രാദേശിക ഹര്‍ത്താലുകള്‍ പോലും കെഎസ്ആര്‍ടിസിയെയും ജനങ്ങളെയും വല്ലാതെ ബാധിക്കുന്നുണ്ട്. അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ആദ്യം തിരിയുന്നത് കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെയാണ്.
മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു സ്ഥിതി നിലവിലില്ല. നഷ്ടക്കണക്കു പറയുമ്പോള്‍ മാത്രം കെഎസ്ആര്‍ടിസിയെ മറ്റു സംസ്ഥാനങ്ങളുമായി താരത്യമപ്പെടുത്തുകയും നഷ്ടം സഹിച്ച് കഷ്ടപ്പെട്ട് സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് മൌനം പാലിക്കുകയും ചെയ്യുന്നത് ആത്യന്തികമായി കെഎസ്ആര്‍ടിസിയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായമുയരണമെന്നും രാഷ്ട്രീയ കക്ഷികളും സംഘടനകളും കെഎസ്ആര്‍ടിസിയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കാനായി അഭിപ്രായസമന്വയം കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ഇതിനെ അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha