നേമം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് ലോക്കപ്പിലിട്ട് രണ്ട് ദിവസം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കേസെടുക്കാതെ വിട്ടയച്ചെന്ന് അമ്മൂമ്മ
കേരള പൊലീസിന്റെ ക്രൂരപീഡനം തുടരുന്നു. പത്തൊന്‍പതുകാരനെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസിനെതിരെ പരാതിയുമായി നേമം പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ ശ്രീശങ്കരിപ്രിയയില്‍ ഗേളിയാണ് രംഗത്തുവന്നത്. തന്റെ കൊച്ചുമകന്‍ സൂരജിനെ പൊലീസ് മര്‍ദ്ദിച്ചതായി കാട്ടി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ഡി.ജി.പി, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
സൂരജിനെ രണ്ടുദിവസം പൊലീസ് അന്യായമായി ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചതായി ഗേളി ആരോപിച്ചു.
ഇക്കഴിഞ്ഞ മെയ് അഞ്ചിന് ബൈക്കപകടത്തില്‍ പരുക്കുപറ്റിയ കൂട്ടുകാരനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് സൂരജ് പറഞ്ഞു. പിന്നീട് രണ്ടുദിവസം ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ഒരു കേസുമെടുക്കാതെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയെന്നും സൂരജ് വ്യക്തമാക്കി. ബാന്‍ഡേജിട്ട വലതുകാലുമായി മുടന്തിയാണ് സൂരജ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. വാഹനാപകടത്തില്‍ പെട്ട സുഹൃത്ത് മിഥുനെ കാണാന്‍ ഏണിക്കരയുള്ള വീട്ടിലെത്തിയതായിരുന്നു സൂരജ്. അവിടെ മിഥുന്റെ മറ്റു മൂന്നുകൂട്ടുകാര്‍ കൂടിയുണ്ടായിരുന്നു.
മെയ് അഞ്ചിന് രാവിലെ 11.30തോടുകൂടി മിഥുന്റെ വീട്ടിലെത്തിയ പേരൂര്‍ക്കട എസ്.ഐ സമ്പത്തും സംഘവും താനുള്‍പ്പടെ അവിടെയുണ്ടായിരുന്ന അഞ്ചുപേരെയും മര്‍ദ്ദിച്ചു. ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ കൊണ്ട് തങ്ങളെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നെന്നും സൂരജ് പറഞ്ഞു.
അതേസമയം സൂരജിനെ കസ്റ്റഡിയിലെടുത്തത് ശരിയാണെന്നും കേസില്ലാത്തതിനാല്‍ വിട്ടയച്ചുവെന്നും പേരൂര്‍ക്കട എസ്.ഐ. സമ്പത്ത് പറഞ്ഞു. മര്‍ദ്ദിച്ചുവെന്നത് ശരിയല്ല. കാലിനേറ്റ പരിക്ക് ബൈക്ക് അപകടത്തില്‍ സംഭവിച്ചതാണ്. ബൈക്ക് മേഷണക്കേസില്‍ സുരജിന്റെ സുഹൃത്തുക്കളെന്ന് പറയുന്ന മൂന്നുപേരും ഇപ്പോള്‍ റിമാന്റിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha