കോഴിക്കോട്ട് നിപ്പോ വൈറസ് അടക്കം പടരുമ്പോള്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന എന്‍.എച്ച്.എം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ശമ്പളം നല്‍കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തി
സംസ്ഥാനത്ത് ഗ്രാമങ്ങളിള്‍ ഉള്‍പ്പെടെ താഴേ തട്ടില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുന്ന നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മേയ് 20 കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ല. ഇത് ഇവരില്‍ നിരാശയുണ്ടായക്കുകയും പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോപണം. മിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുണ്ടായിട്ടും ശമ്പളം നല്‍കാന്‍ വൈകുന്നതെന്ന് ജീവനക്കാര്‍ ആക്ഷേപിക്കുന്നു. കോഴിക്കോട്ട് നിപ്പോ വൈറസ് അടക്കം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് വൈകിയതിന്റെ കാരണങ്ങള്‍ മലയാളി വാര്‍ത്ത തേടിയപ്പോഴാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ച് അറിഞ്ഞത്.
സാധാരണ എല്ലാമാസവും 28നും 30നും ഇടയ്ക്ക് ശമ്പളം നല്‍കാനുള്ള ഫണ്ടിനായി മിഷനില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് അപേക്ഷ കൊടുക്കുന്നതാണ്. തൊട്ടടുത്ത മാസം അഞ്ചിനും പത്തിനും ഇടയിലുള്ള തീയതികളില്‍ ശമ്പളം വിതരണം നടത്തുകയുമാണ് പതിവ്. എന്നാല്‍ ഏപ്രിലില്‍ ഇതൊന്നും കൃത്യമായി നടന്നില്ല. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാലും ജീവനക്കാരുടെ അപ്പറൈസല്‍ പരിശോധിക്കേണ്ടതിനാലുമാണ് ശമ്പളവിതരണം വൈകുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ 35 ശതമാനം വരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള താഴേ തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സാലറി ലഭിക്കാത്തതെന്ന് ജീവനക്കാര്‍ ആക്ഷേപിക്കുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയുടെ ക്ഷീണം ആരോഗ്യവകുപ്പിനും സര്‍ക്കാരിനുമാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിലിലെ ശമ്പളത്തിലുള്ള റിക്വസ്റ്റ് മേയ് പത്തിനാണ് നല്‍കിയതെന്നും ജീവനക്കാര്‍ പറയുന്നു. മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാരെയാണ്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് തുല്യമായ ശമ്പളം പോലും ഇവര്‍ക്ക് നല്‍കുന്നില്ല. ഫണ്ട് ഉണ്ടായിട്ടും കൃത്യസമയത്ത് നല്‍കാത്തത് വലിയ വീഴ്ച തന്നെയാണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha