നേതാക്കളെല്ലാം ചെങ്ങന്നൂരിലേക്ക്... എല്ലാ യോഗങ്ങളിലും വലിയ ജനപങ്കാളിത്തം. സ്ഥാനാര്‍ത്ഥികളെല്ലാം ശുഭപ്രതീക്ഷയില്‍, കലാശക്കൊട്ടിന് ഏതാനും ദിവസങ്ങള്‍ മാത്രം
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാര്‍ ദേവും നേര്‍ക്കുനേര്‍. സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഇരുവരും മണ്ഡലത്തിലെത്തി. പിണറായി വിജയന്‍ ഇന്നും നാളെയുമായി 11 പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. ഇന്ന് ആറ് പൊതുയോഗങ്ങളില്‍ അദ്ദേഹം സംസാരിക്കും. സര്‍ക്കാരിന് കരുത്തേകാന്‍ ചെങ്ങന്നൂരില്‍ വിജയിച്ചേ മതിയാകൂ എന്നാണ് പിണറായി ജനങ്ങളോടും പാര്‍ട്ടിപ്രവര്‍ത്തകരോടും പറഞ്ഞത്. നാളെ പിണറായി അഞ്ച് വേദികളില്‍ സംസാരിക്കും. എ.കെ ആന്റണി തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞാണ് പിണറായി പ്രചരണ പരിപാടികള്‍ ആരംഭിച്ചത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രചരണത്തിനായാണ് ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാര്‍ ദേവ് എത്തിയത്. പൊതുയോഗങ്ങള്‍ക്ക് പുറമേ റാലികളിലും അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും ചെങ്ങന്നൂരിലെത്തിയിട്ടുണ്ട്. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ് ബിപ്‌ളവ് മണ്ഡലത്തിലെത്തിയത്. ത്രിപുരയിലെ സി.പി.എമ്മിന്റെ പരാജയകാരണത്തെ കുറിച്ചും അവരുടെ അക്രമങ്ങളെക്കുറിച്ചും ബിപ്‌ളവ് പൊതുയോഗങ്ങളില്‍ വിശദീകരിക്കും. അതിനാണ് ബിപഌവിനെ ബി.ജെ.പി രംഗത്തിറക്കിയത്.
യു.ഡി.എഫിന് വേണ്ടി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പ്രചരണയോഗങ്ങളില്‍ പങ്കെടുക്കുന്നു എന്നതാണ് യു.ഡി.എഫ് ക്യാമ്പിന്റെ ആവേശം. തങ്ങള്‍ക്കൊപ്പം അവസാനം വരെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ച കെ.എം മാണി പഴയ ലാവണത്തിലേക്ക് പോയതിന്റെ ചെറിയ ജാള്യത എല്‍.ഡി.എഫിനുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അടക്കം മണ്ഡലത്തിലെത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. എല്ലാ പാര്‍ട്ടികളുടെയും യോഗങ്ങളില്‍ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വന്‍ പങ്കാളിത്തം ഉണ്ട്. ഇത് എല്ലാ നേതാക്കള്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha