നിപ്പ: പുര കത്തുമ്പോള്‍ വാഴ വെട്ടാമെന്ന മട്ടില്‍ ഏതെങ്കിലും മരുന്ന് നല്‍കി നാട്ടുകാരെ പറ്റിക്കാമെന്ന കണക്കുകൂട്ടല്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ സര്‍ക്കാരോ ഹോമിയോപ്പതി വകുപ്പോ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഡോ. ബിജു
നിപ്പ വൈറസിന് ഹോമിയോപ്പതിയില്‍ പ്രതിരോധ മരുന്നുണ്ടെന്ന് ചില സംഘടനകള്‍ വ്യാജപ്രചരണം നടത്തുന്നെന്ന് സംവിധായകന്‍ ഡോ.ബിജു. നിപ്പ ചികില്‍സിക്കുന്നതിന് ഹോമിയോപ്പതിയില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ മരുന്ന് നിശ്ചയിക്കാന്‍ സാധിക്കൂ എന്നതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ ചില ഹോമിയോപ്പതി സംഘടനകള്‍ തെറ്റായി വ്യാഖ്യാനിച്ചു വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നെന്ന് സംവിധായകന്‍ കൂടിയായ ഡോ. ബിജു ആരോപിച്ചു. മീറ്റിങ്ങുമായി ബന്ധപ്പെട്ട് രണ്ടു മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട് ...
ഹോമിയോപ്പതി സംഘടനകളുടെ നിലപാട് ഏറെ ബാലിശവും ലാഘവം നിറഞ്ഞതുമായി തോന്നി . എന്ത് പഠനം നടന്നാലും ഇല്ലെങ്കിലും സാരമില്ല ഏത് വിധേനയും ഒരു മരുന്ന് അങ്ങ് പ്രഖ്യാപിക്കുക എന്ന ബാലിശവും നിരുത്തരവാദപരവുമായ നിലപാട് ആണ് സംഘടനകള്‍ തുടക്കം തൊട്ടേ സ്വീകരിച്ചത് . പൊതു ജനാരോഗ്യ സംവിധാനത്തോട് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത നിലയില്‍ ഏതെങ്കിലും ഒരു മരുന്ന് നിശ്ചയിച്ചു ഉടന്‍ കച്ചവടത്തിനിറങ്ങുക എന്ന രീതി . അതിന് വേണ്ടിയുള്ള സമ്മര്‍ദ്ദം, ഇത് ആശാസ്യമല്ല ഓരോ സംഘടനയ്ക്കും സമൂഹത്തോടും പൊതു ജനാരോഗ്യതോടും ഒരു കടമ ഉണ്ട് . ഏറ്റവും കൃത്യമായ മരുന്ന് കിട്ടിയില്ലെങ്കില്‍ അത് കിട്ടുന്നത് വരെ കാത്തിരിക്കാനോ ഇനി അതല്ല മരുന്നില്ലെങ്കില്‍ ഇല്ല എന്ന് തന്നെ തുറന്നു പറയുന്നതുമാണ് ആര്‍ജ്ജവം .ഒരു പൊതു സമൂഹത്തിന് മുന്‍പില്‍ കൂടുതല്‍ സുതാര്യമായി അംഗീകരിക്കപ്പെടാനും ശാസ്ത്ര സമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടാനും ഒന്നുകില്‍ കൃത്യമായ പഠനങ്ങളോടെ തെളിവുകളോടെ റിലയബിള്‍ സോഴ്‌സിലൂടെയുള്ള കേസ് പഠനങ്ങള്‍ നടത്തി ഒരു മരുന്ന് ഔദ്യോഗികമായി ഡിക്ലയര്‍ ചെയ്യുക . അല്ലെങ്കില്‍ ഇപ്പോള്‍ മരുന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് തുറന്ന് പറയുക . ഇപ്പോള്‍ രണ്ടാമത്തെ കാര്യമാണ് സംസ്ഥാനത്തെ ഔദ്യോഗിക നിലപാട് ..
ഹോമിയോപ്പതി സംഘടനകള്‍ ഈ വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ ചില പ്രസ്താവനകള്‍ പുറപ്പെടുവിച്ചതായി കണ്ടു. അതില്‍ പറയുന്നത് ഇന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുമായുള്ള ഹോമിയോപ്പതി ഡയറക്ടറുടെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കും എന്നാണ് . അതനുസരിച്ചു സ്വകാര്യ ഡോക്ടര്‍മാര്‍ക്കും മരുന്ന് നല്‍കാം എന്നൊക്കെ ഒരു സംഘടനയുടെ പ്രെസിഡന്റ്‌റ് അറിയിക്കുന്നു. നിപ പനി ബാധിച്ച ഒരു ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആണ് ഞാനും . നിരന്തരം ഡയറക്ടറും ആയുഷ് വകുപ്പും ആരോഗ്യ വകുപ്പും ജില്ലാ കളക്ടറും ജനപ്രതിനിധികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഞങ്ങള്‍ക്കാര്‍ക്കും ഇങ്ങനെയൊരു നിര്‍ദ്ദേശം ഇതെഴുതുന്ന നേരം വരെയും കിട്ടിയിട്ടില്ല. മാത്രവുമല്ല നിപ പനിയ്ക്ക് തല്‍ക്കാലം ഹോമിയോപ്പതി പ്രതിരോധ മരുന്ന് നിശ്ചയിച്ചിട്ടില്ല എന്നതാണ് സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ നിലപാട് . ഇങ്ങനെയൊരു സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ സര്‍ക്കാരിന്റെയും ഡയറക്ടറുടെയും ആരോഗ്യ മന്ത്രിയുടെയും ഒക്കെ പേര് ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല . ഒരു സംഘടനയുടെ സംസ്ഥാന പ്രെസിഡന്റ്‌റ് ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ ഇത്തരം ഒരു അതീവ പ്രതിസന്ധി ഘട്ടത്തില്‍ നടത്തുന്നത് തീര്‍ത്തും ശരിയല്ല .
മറ്റൊരു സംഘടന പ്രസ്താവന നടത്തിയത് റീച്ച് മരുന്ന് കണ്ടെത്തി അത് കൊടുക്കാന്‍ ആരോഗ്യ വകുപ്പ് അനുവദിക്കുന്നില്ല റീച്ചിന്റെ കയ്യും കാലും കെട്ടിയിരിക്കുന്നു എന്നൊക്കെയാണ് . ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ് . റീച് ഒരു മരുന്ന് സംസ്ഥാന തലത്തില്‍ അംഗീകരിച്ചു പ്രഖ്യാപിച്ചിട്ടില്ല എന്ന വസ്തുത ഏവരും അറിയുക . മറിച്ചുള്ള എല്ലാ പ്രസ്താവനകളും അതാത് സംഘടനകളുടെ സ്ഥാപിത താല്പര്യങ്ങള്‍ മാത്രമാണ് . പക്ഷെ ഇത് പൊതു സമൂഹത്തില്‍ ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന് അപമതിപ്പ് ഉണ്ടാക്കുകയും സമൂഹ മാധ്യമങ്ങളില്‍ കളിയാക്കലിന് വിധേയമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിന് ആക്കം കൂട്ടുകയാണ് എന്ന് അവര്‍ തന്നെ മനസ്സിലാക്കിയാല്‍ നന്ന്.
സംഘടനാ നേതാക്കള്‍ പറയുന്ന ഒരു പ്രധാന വാദം രോഗികള്‍ പ്രതിരോധ മരുന്ന് ആവശ്യപ്പെടുന്നു എന്നതാണ് . ഇതില്‍ യാതൊരു കഴമ്പും ഇല്ല . കാരണം രോഗികള്‍ പറയുന്നു ആവശ്യപ്പെടുന്നു അത് കൊണ്ട് ഏതെങ്കിലും ഒരു മരുന്ന് കൊടുക്കാം എന്നത് സാംക്രമിക രോഗ പ്രതിരോധം പോലെ സ്‌റ്റേറ്റ് പ്രോട്ടക്കോള്‍ നിലവിലുള്ള ഒരു എമര്‍ ജെന്‍സി സിറ്റുവേഷനില്‍ അനുവദിക്കാന്‍ സാധിക്കില്ല . രോഗികളെ മാത്രമല്ല സ്‌റ്റേറ്റിലെ മൊത്തം ജനങ്ങളെ ബാധിക്കുന്ന ഒന്നാണ് സാംക്രമിക രോഗം . അതുകൊണ്ടു തന്നെ സ്‌റ്റേറ്റ് ആണ് ഇക്കാര്യത്തില്‍ കൃത്യമായി ഇടപെടുന്നത് , ഇടപെടേണ്ടത് . അല്ലാതെ ഇത് ഹോമിയോപ്പതിയുടെയോ ആയുര്‍ വേദത്തിന്റെയോ മോഡേണ്‍ മെഡിസിന്റെയോ മാത്രം തല വേദന അല്ല . എല്ലാവരും ഒത്തൊരുമിച്ചു കൃത്യമായ ഒരു പ്രോട്ടോകോളില്‍ പ്രവര്‍ത്തിക്കേണ്ട ഒന്നാണ് . ഓരോ വൈദ്യ ശാസ്ത്രവും അത് കൊണ്ട് തന്നെ താല്‍ക്കാലത്തെ എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ അല്ല ചെയ്യേണ്ടത് .പബ്ലിക് ഡിമാന്റ്റ്, പ്രെഷര്‍ എന്നൊക്കെ പറഞ്ഞു കൃത്യമായ പഠനങ്ങളോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ ഹോമിയോപ്പതിക്കെന്നല്ല ഒരു വൈദ്യ ശാസ്ത്രത്തിനും മരുന്ന് കൊടുക്കാന്‍ ആവില്ല എന്ന കാര്യം സംഘടനാ നേതാക്കള്‍ മനസ്സിലാക്കണം.
പുര കത്തുമ്പോള്‍ വാഴ വെട്ടാം എന്ന മട്ടിലുള്ള ഏതെങ്കിലും മരുന്ന് നല്‍കി നാട്ടുകാരെ പറ്റിക്കാം എന്ന കണക്കുകൂട്ടല്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ സര്‍ക്കാരോ ഹോമിയോപ്പതി വകുപ്പോ അത് ഒരു കാരണവശാലും അംഗീകരിക്കുന്നതല്ല . കൂടുതല്‍ പഠനങ്ങള്‍ നടക്കട്ടെ . എല്ലാ വൈദ്യ ശാസ്ത്രങ്ങളുടെയും ഇന്റ്‌റഗ്രെഷന്‍ വഴി ഇത്തരം എമര്‍ജന്‍സി പകര്‍ച്ച വ്യാധികളുടെ സമയത്ത് രോഗികളെ നേരിട്ട് പരിശോധിച്ച് രോഗലക്ഷണങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടാകുകയും അങ്ങിനെ കൃത്യമായ പഠനത്തിലൂടെ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്താനും അത് എല്ലാ എപ്പിഡെമിക് പ്രോട്ടക്കോളുകളും പാലിച്ചു കൊണ്ട് തന്നെ വിതരണം ചെയ്യാനും , ഡേറ്റാ കളക്ഷനും ഫീഡ് ബാക്ക് സര്‍വേയും ഒക്കെ ബന്ധപ്പെട്ട ശാസ്ത്രീയ ഏജന്‍സികളുമായി ചേര്‍ന്ന് ചെയ്ത് പബ്ലിക് ഡോക്യുമെന്റ്‌റ് ആയി പ്രസിദ്ധീകരിക്കാനും ഒക്കെയാണ് നമ്മള്‍ ശ്രമിക്കേണ്ടത് ..അതിന് അല്‍പ്പം സമയം എടുത്തേക്കാം , പല സാങ്കേതികതകളും ഉണ്ട് ..പക്ഷെ അതാണ് ആവശ്യം .. അത്തരം ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് ഊന്നല്‍ കൊടുക്കുന്നത് . ഇത് ഹോമിയോപ്പതി സമൂഹം മനസ്സിലാക്കിയില്ലെങ്കില്‍ ചില വ്യാജ ചികിത്സകര്‍ക്കൊപ്പം ഹോമിയോപ്പതിയെയും ആളുകള്‍ കളിയാക്കുകയും ട്രോളുകള്‍ക്കായുള്ള ഇരയായി മാറുകയും ചെയ്യും എന്ന തിരിച്ചറിവ് ഉണ്ടായാല്‍ നന്ന് .
https://www.facebook.com/Malayalivartha