സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്റെ വീടും പി.കെ ശ്രീമതിയുടെ ഫാംഹൗസും സംരക്ഷിക്കുന്നതിന് 29 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന തരീതിയില്‍ ദേശീയപാത അലൈന്‍മെന്റ് മാറ്റുന്നെന്ന് ആരോപണം
സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും വേണ്ടി ദേശീയപാത അലൈന്‍മെന്റ് മാറ്റുന്നെന്ന് സമരസമിതിയുടെ ആരോപണം. പാപ്പിനിശേരി തുരുത്തി കോളനിവാസികളാണ് ഇതിനെതിരെ സമരം നടത്തുന്നത്. ഇ.പി ജയരാജന്റെ വീടും പി.കെ. ശ്രീമതിയുടെ ഫാമും ഒഴിവാക്കാനാണ് അലൈന്‍മെന്റ് മാറ്റുന്നതെന്നാണ് സമരക്കാരുടെ ആരോപണം. തുരുത്തി ഭാഗത്തുകൂടി മൂന്ന് അലൈന്‍മെന്റുകളാണ് ദേശീയപാത അതോറിറ്റി തയാറാക്കിയത്. ആദ്യത്തെ രണ്ടും സമ്മര്‍ദത്തെ തുടര്‍ന്ന് മാറ്റിയെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച പ്രമുഖ വ്യക്തികളുടെ ശുപാര്‍ശ കത്തുകള്‍ ലഭിച്ചിരുന്നെന്ന് ദേശീയപാത അതോറിറ്റി തന്നെ സമ്മതിക്കുന്ന വിവരാവകാശ രേഖ സമരക്കാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.
അലൈന്‍മെന്റ് മാറ്റിയതോടെ, വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്ററിലെ വളവുകള്‍ കാരണം 29 ദളിത് കുടുംബങ്ങളുടെയും മൂന്ന് പിന്നാക്കക്കാരുടെയും സ്ഥലവും പുലയ സമുദായക്കാരുടെ കുടുംബക്ഷേത്രവും ഒഴിപ്പിക്കേണ്ടിവരും. എന്നാല്‍ 10 മീറ്റര്‍ പടിഞ്ഞാറോട്ടു മാറ്റിയാല്‍ പാത നേര്‍ രേഖയിലാവും. കോളനി ഒഴിപ്പിക്കേണ്ടിവരില്ല. തളിപ്പറമ്പ് ബൈപ്പാസിന്റെ തുടര്‍ച്ചയായാണ് കല്യാശേരിയില്‍ നിന്ന് തുരുത്തികോട്ടക്കുന്ന് വഴി കണ്ണൂര്‍ ബൈപ്പാസ് കടന്നുപോകുന്നത്. നിലവില്‍ അലൈന്‍മെന്റ് പ്രകാരം ഒന്നര കിലോമീറ്ററാണ് കല്യാശേരി മുതല്‍ വളപട്ടണം പുഴ വരെയുള്ള ദൂരം.
ദളിത് സംഘടനകള്‍ക്കു പിന്നാലെ പരിസ്ഥിതി സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കീഴാറ്റൂരിനു ശേഷം ദേശീയപാത വികസനത്തിനെതിരായുള്ള മറ്റൊരു സമരമായി തുരുത്തി സമരം മാറുന്നു. കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ള കോളനിനിവാസികള്‍ 27 ദിവസമായി കുടില്‍കെട്ടി സമരം നടത്തുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ നൂറോളംപേര്‍ പങ്കെടുത്തു. ഇവരെ ഇതുവരെ അധികൃതര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. അപാകതകള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിട്ടും പരിഗണിച്ചില്ല. സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ഒഴിപ്പിച്ച ശേഷമാണ് സര്‍വ്വേ നടത്തിയത്.
ഇ.പി ജയരാജന്‍ എം.എല്‍.എയുടെ വീടും പി.കെ. ശ്രീമതി എം.പിയുടെ ഫാമും ഉള്‍പ്പെടെയുള്ള ഭൂമിയിലൂടെ നിശ്ചയിക്കപ്പെട്ട അലൈന്‍മെന്റ് റദ്ദാക്കിയാണ് ദളിത് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുരുത്തി വഴി ബൈ പാസ് നിര്‍മിക്കാനുള്ള നീക്കമെന്നു സമരക്കാര്‍ ആരോപിക്കുന്നു. തുരുത്തി കോളനിയെ ഇല്ലാതാക്കിക്കൊണ്ടുള്ള അലൈന്‍മെന്റ് വരുന്ന കാര്യം താന്‍ അറിഞ്ഞില്ലെന്ന് സ്ഥലം എം.എല്‍.എ. കെ.എം ഷാജി പറയുന്നത്.
https://www.facebook.com/Malayalivartha