കെവിനെ തട്ടിക്കൊണ്ട് പോയത് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയ ദിവസം; പൊലീസും പ്രതികളും വ്യക്തമായ ആസൂത്രണം നടത്തിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി
കോട്ടയത്ത് നിന്ന് നവവരനായ കെവിനെ തട്ടിക്കൊണ്ട് പോയ സഹോദരന്‍ അടക്കമുള്ള 12 അംഗ സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് തെന്‍മല പൊലീസ്. തട്ടിക്കൊണ്ടുപോകാന്‍ ഇബ്രാഹിംകുട്ടി എന്നയാളുടെ വാഹനം വാങ്ങിയ നിയാസ് ഡി.വൈ.എഫ്.ഐ തെന്‍മല യൂണിറ്റ് സെക്രട്ടറിയാണ്. കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോ അടക്കമുള്ളവര്‍ ഡി.വൈ.എഫ്.ഐയുടെ സജീവപ്രവര്‍ത്തകരാണ്. സംഭവത്തിന് ശേഷം സംഘം രണ്ടായി തമിഴ്‌നാട്ടിലേക്ക് തിരിച്ചെന്നും പൊലീസ്. കോട്ടയം പൊലീസിന്റെ അറിവോടെയാണ് സംഭവം നടന്നതെന്ന് സാഹചര്യത്തെളിവുകള്‍ സൂചന നല്‍കുന്നു. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ ഷിബുവിന്റെ ഇടപെടല്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഡി.ജി.പി അടിയന്തിരമായി സസ്‌പെന്റ് ചെയ്തത്.
രാവിലെ മുതല്‍ നീനയും കെവിന്റെ ബന്ധുക്കളും പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയെങ്കിലും ഇത് കേള്‍ക്കാന്‍ എസ്.ഐയോ, മറ്റ് പൊലീസുകാരോ തയ്യാറായില്ല. ഇത്രയും വലിയ കേസായിട്ടും ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വൈകുന്നേരം അഞ്ചരയോടെയാണ് അറിഞ്ഞത്. ഇതേ തുടര്‍ന്ന് അദ്ദേഹം ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ നേരിട്ടെത്തുകയായിരുന്നു. ഇതോടെയാണ് എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുനക്കര മൈതാനത്ത് വിളിച്ച് ചേര്‍ത്ത പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച മുഖ്യമന്ത്രി കോട്ടയം നഗരത്തിലുണ്ടായിരുന്നു. ഇതെല്ലാം മുന്‍കൂട്ടി മനസിലാക്കിയാണ് തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്തത്. പുലര്‍ച്ചെ ആറ് മണിക്കാണ് കെവിന്റെ ഭാര്യ നീനയും ബന്ധുക്കളും പരാതി നല്‍കിയത്. നടപടി സ്വീകരിച്ചത് വൈകുന്നേരവും.
മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് പൊലീസുകാരില്‍ അധികവും സ്റ്റേഷനിലില്ലായിരുന്നു. ഇത് പറഞ്ഞാണ് പരാതി നല്‍കാനെത്തിയ നീനയെയും കെവിന്റെ വീട്ടുകാരെയും പൊലീസ് പറഞ്ഞയക്കാന്‍ ശ്രമിച്ചത്. അതിന് വഴങ്ങാഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കെവിന്റെ വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സുഹൃത്തുക്കളും അടങ്ങുന്ന സംഘം കെവിന്‍ താമസിച്ചിരുന്ന ബന്ധുവീട്ടിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ പിന്‍മാറുകയായിരുന്നു. ഇതെല്ലാം പൊലീസിനെ അറിയിച്ചിട്ടും വീഴ്ചവരുത്തിയതിനാല്‍ ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha