കെവിനെ തട്ടിക്കൊണ്ട്പോയ സംഘത്തെക്കുറിച്ചും വാഹനത്തിന്റെ നമ്പരും ഭാര്യ നീന കോട്ടയം ഗാന്ധിനഗര്‍ എസ്.ഐക്ക് കൈമാറിയിരുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുടെ പേര് പറഞ്ഞ് പൊലീസ് അന്വേഷണത്തില്‍ വീഴ്ചവരുത്തി
കോട്ടയത്ത് നിന്ന് നവവരന്‍ കെവിനെ ഭാര്യാ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുടെ മറവിലാണ് ഒഴിവാക്കാമായിരുന്ന ഒരു മരണം പൊലീസ് വരുത്തിവച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് കെവിനെയും സഹോദരന്‍ അനീഷിനെയും അനീഷിന്റെ വീടാക്രമിച്ച ശേഷം സംഘം തട്ടിക്കൊണ്ട് പോയത്. രാവിലെ ആറ് മണിക്ക് നീനയും കെവിന്റെ മാതാപിതാക്കളും മറ്റും വിവരം കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ മുഖ്യന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് പൊലീസുകാരെല്ലാം ഡ്യൂട്ടിയിലാണെന്നും അതിനാല്‍ ഇപ്പോള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്നുമാണ് എസ്.ഐ ഷിബു ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചത്.
കെവിനെ തട്ടിക്കൊണ്ട് പോയ വാഹനത്തിന്റെ നമ്പരും ഇതിന് പിന്നില്‍ സഹോദരന്‍ ഷാനു ചാക്കോയും സംഘവും ആണെന്നും നീനു പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് അതൊന്നും ചെവിക്കൊണ്ടില്ല. പുലര്‍ച്ചെ രണ്ടരയ്ക്ക് കോട്ടയത്ത് നിന്ന് തിരിച്ച വാഹനം കൊല്ലം തെന്‍മലയിലെത്തണമെങ്കില്‍ ഏകദേശം മൂന്നര മണിക്കൂറിലധികം വേണം. സംഘം എം.സി റോഡ് വഴിയാണ് കടന്നതെന്ന് അറിയുന്നു. അങ്ങനെയെങ്കില്‍ പൊലീസിന് വളരെ എളുപ്പം വാഹനം കണ്ടെത്താമായിരുന്നു. വാഹനം കടന്ന് പോകാന്‍ സാധ്യതയുള്ള പൊലീസ് സ്റ്റേഷനുകളില്‍ അലര്‍ട്ട് നല്‍കിയിരുന്നെങ്കില്‍ പ്രതികളെ പിടികൂടാനും കെവിനെ രക്ഷപെടുത്താനും ആകുമായിരുന്നു.
എം.സി റോഡ് വഴിയാണ് സംഘം കടന്ന് പോയതെങ്കില്‍ ഇവിടങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അത് പരിശോധിച്ച് വാഹനത്തിന്റെ മൂവ്‌മെന്റ് അറിയാമായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്നാണ്. എന്നാല്‍ പരിശോധന നടന്നോ, അതോ പൊലീസ് സഹായത്തോടെ പ്രതികള്‍ രക്ഷപെട്ടതാണോ എന്നും സംശയിക്കുന്നു. തട്ടിക്കൊണ്ട് പോയ വാഹനം ഓടിച്ചിരുന്ന നിയാസ് ഡി.വൈ.എഫ്.ഐ ഇടമണ്‍ യൂണിറ്റ് സെക്രട്ടറിയാണ്. ഇയാള്‍ക്ക് പൊലീസില്‍ ഉന്നത സ്വാധീനമുണ്ടെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha