ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി മൂന്നാം മണിക്കൂറിലാണ് കോട്ടയത്തെ കെവിന്റെ ദുരഭിമാനക്കൊല സ്ഥിരീകരിച്ചത്, ഇത് വോട്ടെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ ശക്തമാണ്
പൊലീസ് വീണ്ടും പിണറായി സര്‍ക്കാരിന് ദുരഭിമാനമാകുന്നു. വരാപ്പുഴ ശ്രീജിത്തിന്റെയും തൃശൂരിലെ വിനായകന്റെയും കസ്റ്റഡി മരണത്തിന് പിന്നാലെ കോട്ടയത്ത് പൊലീസിന്റെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെയും ഒത്താശയോടെ ദുരഭിമാനക്കൊല അരങ്ങേറിയിരിക്കുന്നു. അതും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസം. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഭാഗമായ കൊലപാതകം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക എല്‍.ഡി.എഫ് ക്യാമ്പിനുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ യു.ഡി.എഫ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഉപരോധം നടത്തുകയാണ്.
സര്‍ക്കാരിന്റെ മുഖംരക്ഷിക്കാന്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ ജി.ഡി ചാര്‍ജ്ജിനെയും എസ്.ഐയെയും സസ്‌പെന്റ് ചെയ്യുകയും എസ്.പിയെ മാറ്റിനിര്‍ത്തുകയും ചെയ്‌തെങ്കിലും അത്‌കൊണ്ട് കാര്യമില്ലാതായി. സ്ഥലം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരുമെത്തി. കേരളാ കോണ്‍ഗ്രസ് എമ്മും സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫും പൊലീസ് സ്റ്റേഷന്‍ ഉപരോധം സംഘടിപ്പിച്ചു. അത് കോട്ടയത്തെ സി.പി.എം പ്രവര്‍ത്തകരെ വെട്ടിലാക്കി.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ടതിനാലാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന് എസ്.ഐ പരാതിക്കാരിയായ നീനയെയും മരിച്ച കെവിന്റെ പിതാവ് ജോസഫിനെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ സമയം എസ്.ഐ തട്ടിക്കൊണ്ട് പോയവരുമായി ഫോണില്‍ സംസാരിക്കുകയായിരുന്നെന്ന് കെവിന്റെ പിതാവ് ആരോപിക്കുന്നു. ഇതെല്ലാം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്. രാവിലെ ഏഴ് മണി മുതല്‍ പോളിംഗ് ആരംഭിച്ചിരുന്നു. രാവിലെ 10.30തോടെയാണ് കെവിന്റെ മരണം സ്ഥിരീകരിച്ചത്. ഇതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയിലും മറ്റും സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനുമെതിരെ പ്രചരണം നടത്തുന്നുണ്ട്. വാര്‍ത്താ ചാനലുകള്‍ കാണാതിരിക്കാന്‍ ളക്കുഴ, മാന്നാര്‍ മേഖലകളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കേബിളുകള്‍ നശിപ്പിച്ചതായി പരാതിയുണ്ട്.
https://www.facebook.com/Malayalivartha