കോട്ടയം ദുരഭിമാനക്കൊല: ഐ.ജി വിജയ് സാഖറയുടെ മേല്‍നോട്ടത്തില്‍ നാല് സ്‌ക്വാഡ് അന്വേഷണം നടത്തും, കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷിക്കും
കോട്ടയത്ത് കെവിന്‍ എന്ന നവവരനെ ദുരഭിമാന കൊലയ്ക്കിരയാക്കിയ സംഭവം ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകള്‍ അന്വേഷിക്കും. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടുന്നതിനാണ് പ്രത്യേക സംഘത്തെ ആഭ്യന്തരവകുപ്പ് രൂപീകരിച്ചത്. കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയോഗിച്ചു. ഇതു കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനുണ്ട്. രണ്ടു ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതു കൊണ്ടാണ് ഈ രീതിയില്‍ അന്വേഷിക്കുന്നത്. പ്രതികളില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്.
പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും കണ്ടെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യുകയും കോട്ടയം എസ്.പി.യെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഡിവൈ.എസ്.പിക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആദ്യം പ്രഖ്യാപിച്ച അന്വേഷണം റദ്ദാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടി, കെ.എം മാണി എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
പൊലീസിന്റെ ഭാഗത്തെ വീഴ്ചയും ഐ.ജി അന്വേഷിക്കും. ഇത് സംബന്ധിച്ച് ഡി.ജി.പി ഉത്തരവിറക്കിയിട്ടുണ്ട്. പ്രതികളെ പിടികൂടുകയാണ് പ്രഥമ ലക്ഷ്യമെന്ന് ഐ.ജി പറഞ്ഞു. അന്വേഷണം നടത്തിയ ശേഷമേ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുള്ള പട്ടികയില്‍ എസ്.ഐ ഷിബു ഉണ്ടായിരുന്നോ എന്ന് പറയാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha