കെവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത ഷാനു ചാക്കോ ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിന്റെ അടുത്ത സുഹൃത്താണെന്ന ആക്ഷേപം ശക്തമാണ്, തുടര്‍ന്നാണ് എസ്.ഐയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്
കെവിന്റെ കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെ കുരുക്ക് മുറുകുന്നു. എസ്.ഐയെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഫോണ്‍ രേഖകളും പരിശോധിക്കുന്നു. കെവിനെ തട്ടിക്കൊണ്ട് പോയവിവരം അറിഞ്ഞിട്ടും നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ എസ്.ഐക്കെതിരെ നടപടിയുണ്ടാകും. അതേസമയം ക്രമിനില്‍ കുറ്റം ചുമത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കെവിന്റെ പിതാവ് ജോസഫ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോള്‍ എസ്.ഐ തട്ടിക്കൊണ്ട് പോയ സംഘവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇക്കാര്യം അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് കെവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ ആറിന് കെവിന്റെ പിതാവ് കോട്ടയം ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് നീനുവും എത്തി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കെവിന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നു. നീനുവിന്റെ സഹോദരനും കേസിലെ പ്രധാനപ്രതിയുമായ ഷാനുചാക്കോയുടെ സുഹൃത്താണ് എസ്.ഐ ഷിബുവെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് പരിപാടിക്കെത്തിയ ദിവസം തന്നെ കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ആസൂത്രണം ചെയ്തത് എസ്.ഐയുടെ അറിവോടെയാണെന്നാണ് സൂചന. തട്ടിക്കൊണ്ട് പോയതിന്റെ തലേദിവസം കെവിന്റെ ബന്ധു അനീഷിന്റെ വീട്ടിലെത്തി ഷാനുവും സംഘവും അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് സംഘം പിരിഞ്ഞ് പോവുകയായിരുന്നു. അന്നേ ദിവസം ഈ സംഘത്തെ ആയുധങ്ങളുമായി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് മറ്റൊരു ആക്ഷേപം.
കെവിനെ അന്വേഷിച്ച് ഷാനു കോട്ടയത്ത് എത്തിയത് മുതല്‍ എസ്.ഐ ഷിബുവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തതെന്ന് അറിയുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ കയ്യില്‍ നിന്നും ഷാനുവിന്റെ നമ്പര്‍ വാങ്ങി വിളിച്ചെന്നാണ് എസ്.ഐ പറയുന്നത്. എന്നാല്‍ അതിനും മുമ്പ് എസ്.ഐ പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇതേ തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha